സിനിമയെ വ്യവസായമാക്കും, കൊച്ചിയില്‍ ഫിലിം സിറ്റി; യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് മോഹന്‍ലാലും പൃഥ്വിരാജും
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ സിനിമാ സൗഹൃദ പ്രഖ്യാപനങ്ങളെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്ത് മലയാളത്തിന്റെ പ്രമുഖ താരങ്ങള്‍. പുതിയ ബജറ്റില്‍ സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി നടന്‍ മോഹന്‍ലാല്‍ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഈ ചരിത്രപരമായ തീരുമാനം സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണെന്ന് മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശനും, സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ പി.സി. വിഷ്ണുനാഥിനും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
അതേസമയം മലയാള സിനിമയ്ക്ക് ബജറ്റില്‍ നല്‍കിയ വലിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ് സുകുമാരനും രംഗത്തെത്തി. മലയാള സിനിമയുടെ സ്രഷ്ടാവായ ജെ.സി. ഡാനിയേലിന്റെ പേരില്‍ കൊച്ചിയില്‍ ഫിലിം സിറ്റി സ്ഥാപിക്കുമെന്നതും സിനിമയെ വ്യവസായമാക്കുമെന്നതുമായ പ്രഖ്യാപനങ്ങള്‍ 'സെല്ലുലോയ്ഡി'നെ തൊട്ടുനില്‍ക്കുന്ന ഒരാളെന്ന നിലയില്‍ വലിയ സന്തോഷവും അഭിമാനവും ആത്മവിശ്വാസവുമാണ് നല്‍കുന്നതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
സിനിമാ മേഖലയ്ക്ക് വലിയ ഭീഷണിയായ വ്യാജപതിപ്പുകള്‍ തടയാന്‍ 'ആന്റി പൈറസി സെല്‍' രൂപീകരിക്കുമെന്ന പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണെന്നും, ഇത് വ്യവസായത്തിന് ഒരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം രാജ്യാന്തര ചലച്ചിത്രോത്സവത്തിന് (IFFK) സ്ഥിരം വേദിയൊരുക്കുമെന്നത് ഉള്‍പ്പെടെ സിനിമയ്ക്ക് ബജറ്റില്‍ നല്‍കിയ സമ്മാനങ്ങള്‍ വിലപ്പെട്ടതാണെന്ന് വ്യക്തമാക്കിയ പൃഥ്വിരാജ്, മുഖ്യമന്ത്രി വി.ഡി. സതീശനും സിനിമാ മന്ത്രി പി.സി. വിഷ്ണുനാഥിനും തന്റെ നന്ദി അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.