ന്യൂഡൽഹി: അർബൻ ക്രൂസർ ഹൈറൈഡറിനും താഴെ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ചെറിയ സ്ട്രോങ്-ഹൈബ്രിഡ് കാറുകൾ ഇന്ത്യൻ വിപണിയിലെത്തിക്കാൻ ടൊയോട്ട ആലോചിക്കുന്നു. ചെറിയ ഹൈബ്രിഡ് മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയുണ്ടെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ വൈസ് പ്രസിഡന്റ് കീ തകെമിയ അടുത്തിടെ വ്യക്തമാക്കി. എന്നാൽ ഏത് മോഡലായിരിക്കും എൻട്രി ലെവൽ ഹൈബ്രിഡായി എത്തുക എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഹൈറൈഡർ, ഇന്നോവ ഹൈക്രോസ്, കാമ്രി, വെൽഫയർ തുടങ്ങിയ മോഡലുകളിലൂടെ 2026 മേയിൽ 3 ലക്ഷം സ്ട്രോങ്-ഹൈബ്രിഡ് കാറുകളുടെ വിൽപന ടൊയോട്ട നേടിയിരുന്നു.
മാരുതി സുസുക്കി ചെറുകാറുകളിൽ സ്വന്തം ഹൈബ്രിഡ് എൻജിൻ സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. മാരുതിക്ക് ശേഷമായിരിക്കും ടൊയോട്ട ഈ സാങ്കേതികവിദ്യ എൻട്രി ലെവൽ മോഡലുകളിലേക്ക് എത്തിക്കുക. നിലവിൽ ടൊയോട്ടയുടെ എൻട്രി-ലെവൽ ഹൈറൈഡർ സ്ട്രോങ്-ഹൈബ്രിഡിന് 17 ലക്ഷം രൂപയോളം വിലവരുന്നുണ്ട്. ഇത് സാധാരണക്കാരായ ഉപഭോക്താക്കളെ ഹൈബ്രിഡ് വാഹനങ്ങളിൽ നിന്ന് അകറ്റിനിർത്തുന്ന പ്രധാന ഘടകമാണ്.
എന്നാൽ ചെറിയ കാറുകളിൽ ബാറ്ററി, ഇലക്ട്രിക് മോട്ടോർ, അനുയോജ്യമായ ട്രാൻസ്മിഷൻ എന്നിവ ഉൾപ്പെടുത്തുന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ്. ബൂട്ട് സ്പേസ്, പിൻസീറ്റിലെ കംഫർട്ട്, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയെ ബാധിക്കാതെ ബാറ്ററി സ്ഥാപിക്കുക എന്നത് പ്രധാന പ്രതിബന്ധമാണ്.
യൂറോപ്പിലെ 'യാരിസ് ഹാച്ച്ബാക്ക്', ജപ്പാനിലെ 'അക്വാ' മോഡൽ എന്നിവയിൽ 1.5 ലീറ്റർ ഫുൾ-ഹൈബ്രിഡ് സിസ്റ്റം ടൊയോട്ട വിജയകരമായി ഉപയോഗിക്കുന്നുണ്ട്. നിർമാണച്ചെലവും പ്രാദേശികമായി ഘടകങ്ങൾ ലഭ്യമാക്കുന്നതും കണക്കിലെടുത്തായിരിക്കും ഇന്ത്യയിലെ പ്ലാറ്റ്‌ഫോം നിർണയം.
ഇന്ത്യയിൽ സിഎൻജി കാറുകൾ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ, അവയോട് മത്സരിക്കാൻ ചെറിയ ഹൈബ്രിഡ് കാറുകളുടെ വില നിർണയം നിർണായകമാകും. സിഎൻജി പമ്പുകളിലെ ക്യൂ ഒഴിവാക്കാനും നഗരങ്ങളിലെ ട്രാഫിക്കിൽ സുഗമവും ശബ്ദരഹിതവുമായ യാത്ര ആഗ്രഹിക്കുന്നവർക്കും ഈ കുട്ടി ഹൈബ്രിഡ് കാറുകൾ മികച്ച ബദലാകും.
സാധാരണക്കാർക്കും താങ്ങാവുന്ന വിലയിൽ സ്ട്രോങ്-ഹൈബ്രിഡ് കാറുകൾ; വൻ പ്ലാനുമായി ടൊയോട്ട