ഇന്ത്യയിലെ പ്രധാന എഐ ഡാറ്റാ സെന്റർ ഇടനാഴികളെ ബന്ധിപ്പിക്കുന്ന അതിവേഗവും കുറഞ്ഞ ലേറ്റൻസിയുമുള്ള വൻകിട എഐ ഫൈബർ നെറ്റ്‌വർക്ക് ഒരുക്കാൻ ടാറ്റ കമ്മ്യൂണിക്കേഷൻസ്. ഏകദേശം 450 ദശലക്ഷം ഡോളർ (ഏകദേശം 4,000 കോടി രൂപ) നിക്ഷേപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം 10,000 കിലോമീറ്ററോളം ദൈർഘ്യമുള്ള പുതിയ ദീർഘദൂര ഫൈബർ ശൃംഖല കമ്പനി നിർമിക്കും. വരുംതലമുറ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആവശ്യങ്ങൾക്കായി കണക്ടിവിറ്റി ഒരുക്കുന്ന ഈ നെറ്റ്‌വർക്കിന് 'എഐ സൂപ്പർ ഹൈവേ' (AI Super Highway) എന്നാണ് പേര് നൽകിയിരിക്കുന്നത്. 3 മുതൽ 5 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ കമ്മ്യൂണിക്കേഷൻസ് ചീഫ് പ്രൊഡക്ട് ആൻഡ് ടെക്നോളജി ഓഫീസർ രൂപേഷ് ചോക്ഷി വ്യക്തമാക്കി.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ മുംബൈ-പുണെ–ഹൈദരാബാദ്-ചെന്നൈ പാതയാണ് ബന്ധിപ്പിക്കുക. രണ്ടാംഘട്ടത്തിൽ ഹൈദരാബാദ്, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള പ്രാദേശിക ശൃംഖല വിപുലീകരിക്കും. തുടർന്നുള്ള ഘട്ടങ്ങളിൽ കിഴക്ക് ഭുവനേശ്വറിലേക്കും പടിഞ്ഞാറ് ഗുജറാത്തിലേക്കും ശൃംഖല വ്യാപിപ്പിക്കുകയും ഗിഫ്റ്റ് സിറ്റി, ജാംനഗർ തുടങ്ങിയ പ്രധാന ഐടി-വ്യവസായ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യും. ഡാറ്റാ സെന്റർ-ടു-ഡാറ്റാ സെന്റർ (DC-to-DC) ശൃംഖല, അൾട്രാ-ലോ ലേറ്റൻസി, 7.2 പെറ്റാബൈറ്റ് (7.2 PB) വൻശേഷി എന്നിവ ലഭ്യമാകുന്ന തരത്തിലാണ് ഈ നെറ്റ്‌വർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ടാറ്റ കമ്മ്യൂണിക്കേഷൻസിന്റെ നിലവിലുള്ള കടലിനടിയിലെയും (5 ലക്ഷം കിലോമീറ്ററിലധികം) ഭൗമ മേഖലയിലെയും (2 ലക്ഷം കിലോമീറ്ററിലധികം) കൂറ്റൻ ഫൈബർ ശൃംഖലകളുമായി ഈ പുതിയ എഐ നെറ്റ്‌വർക്ക് സംയോജിപ്പിക്കും. 25 വർഷത്തോളം ആയുസ്സ് പ്രതീക്ഷിക്കുന്ന ഈ സംവിധാനം മറ്റ് കമ്പനികൾക്ക് കൂടി ഉപയോഗിക്കാവുന്ന വാണിജ്യ ശൃംഖലയായാണ് ഒരുക്കുന്നത്. ഇന്ത്യയെ ആഗോള എഐ, ക്ലൗഡ് കണക്റ്റിവിറ്റി കേന്ദ്രമാക്കി മാറ്റാനും വൻകിട ഡിജിറ്റൽ കമ്പനികൾക്ക് രാജ്യത്ത് പ്രവർത്തനം വ്യാപിപ്പിക്കാനും ഈ പദ്ധതി നിർണ്ണായകമാകും.
എഐ വിപ്ലവത്തിന് അടിത്തറയിടാൻ ടാറ്റ; 4,000 കോടി നിക്ഷേപത്തിൽ 'എഐ സൂപ്പർ ഹൈവേ' വരുന്നു