ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ അനിശ്ചിതത്വങ്ങള്‍ തുടരുന്നു. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ്യുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഇതുവരെ അന്തിമ തീരുമാനമായില്ല. കൃത്യമായ ഭൂരിപക്ഷം ബോധ്യപ്പെടുത്താതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍.
വിജയ് സമര്‍പ്പിച്ച കത്തില്‍ 116 എംഎല്‍എമാരുടെ പിന്തുണ മാത്രമേയുള്ളൂ എന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ വേണമെന്നിരിക്കെ, ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാന്‍ വിജയ് വ്യാജക്കത്ത് തയ്യാറാക്കിയെന്ന ഗുരുതര ആരോപണവുമായി എതിര്‍കക്ഷികള്‍ രംഗത്തെത്തി. എന്നാല്‍ ടിവികെ നേതൃത്വം ഈ ആരോപണം ശക്തമായി നിഷേധിച്ചിട്ടുണ്ട്.
തമിഴ് രാഷ്ട്രീയത്തില്‍ പുതിയൊരു ട്വിസ്റ്റ് നല്‍കിക്കൊണ്ട് ടി.ടി.വി. ദിനകരന്‍ ഗവര്‍ണറെ കണ്ടു. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എഎംഎംകെ കത്ത് നല്‍കി. വിജയ്ക്ക് ഭൂരിപക്ഷമില്ലെന്നും വ്യാജ രേഖകളാണ് നല്‍കിയതെന്നും ദിനകരന്‍ ആരോപിച്ചു. രണ്ട് എംഎല്‍എമാരുള്ള വിസികെ ഇന്ന് സ്വീകരിക്കുന്ന നിലപാട് വിജയ്‌യുടെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായകമാകും.
കൃത്യമായ ആസൂത്രണമില്ലാതെ സര്‍ക്കാര്‍ രൂപീകരണത്തിന് ഇറങ്ങിപ്പുറപ്പെട്ടതും രാഷ്ട്രീയ-ഭരണ പരിചയമില്ലാത്തതും വിജയ്യുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുന്നതായാണ് വിലയിരുത്തല്‍.
തമിഴകത്ത് രാഷ്ട്രീയ നാടകം മുറുകുന്നു; വിജയ് യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍, ഗവര്‍ണര്‍ വഴങ്ങുന്നില്ല