സേലം: തമിഴ്നാട്ടിലെ കർഷകർക്ക് ആശ്വാസമായി മേട്ടൂർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് ജലവിതരണത്തിന് തുടക്കമിട്ടു. പ്രതിദിനം 10,000 മുതൽ 12,000 ക്യുസെക്സ് വരെ വെള്ളമാണ് കാവേരി ഡെൽറ്റ മേഖലയിലേക്ക് തുറന്നുവിടുക. 45 ദിവസത്തേക്കാണ് ജലവിതരണം.
13 ജില്ലകളിലായി ഏകദേശം എട്ട് ലക്ഷം ഏക്കർ കൃഷിയിടങ്ങൾക്ക് അണക്കെട്ടിലെ വെള്ളം പ്രയോജനപ്പെടും. സാധാരണയായി ജൂൺ മാസത്തിലാണ് കാർഷിക ആവശ്യങ്ങൾക്കായി മേട്ടൂർ അണക്കെട്ട് തുറക്കാറുള്ളത്. എന്നാൽ ഇത്തവണ മഴ കുറഞ്ഞതും കർണാടക കാവേരി ജലവിഹിതം കൃത്യമായി വിട്ടുനൽകാത്തതും ജലവിതാനം വൈകാൻ കാരണമായി.
ജലവിതരണം വൈകിയതോടെ കർഷകർ വലിയ പ്രതിസന്ധിയിലായിരുന്നു. ജൂണിൽ ആരംഭിക്കേണ്ട കുറുവ നെൽകൃഷി പല മേഖലകളിലും നടത്താനായില്ല. അണക്കെട്ടിലെ ജലനിരപ്പ് 90 അടിയായി ഉയർന്നതോടെയാണ് കാർഷിക ആവശ്യങ്ങൾക്കായി വെള്ളം തുറന്നുവിടാൻ സർക്കാർ തീരുമാനിച്ചത്.
ഈ സീസണിൽ പ്രധാനമായും സമ്പ നെൽകൃഷിയാണ് കർഷകർ നടത്തുക. അണക്കെട്ടിൽനിന്നുള്ള ജലവിതരണം കൃഷിക്ക് വലിയ ആശ്വാസമാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
സേലം വിമാനത്താവളത്തിൽനിന്ന് റോഡ് ഷോയായാണ് മുഖ്യമന്ത്രി മേട്ടൂരിലെത്തിയത്. മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ നൂറുകണക്കിന് പ്രവർത്തകർ റോഡിന്റെ ഇരുവശങ്ങളിലും തടിച്ചുകൂടി. അണക്കെട്ടിന്റെ ചരിത്രം വിവരിക്കുന്ന ഫോട്ടോ പ്രദർശനവും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.