Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന് ക്രൈംബ്രാഞ്ച്; 40 വർഷത്തെ അന്വേഷണത്തിന് വിരാമമിടാൻ നീക്കം

സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന് ക്രൈംബ്രാഞ്ച്; 40 വർഷത്തെ അന്വേഷണത്തിന് വിരാമമിടാൻ നീക്കം

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളി കേസുകളിലൊന്നായ സുകുമാരക്കുറുപ്പ് തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. സുകുമാരക്കുറുപ്പ് ഇനി ജീവിച്ചിരിപ്പില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലവിലെ നിഗമനം. ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് മരിച്ചിരിക്കാമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ഇതിന്റെ അടിസ്ഥാനത്തിൽ വർഷങ്ങളായി തുടരുന്ന അന്വേഷണം അവസാനിപ്പിച്ച് കേസ് ഫയൽ ക്ലോസ് ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.

ഇക്കാര്യത്തിൽ അന്വേഷണ സംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഉന്നതതല ചർച്ചകൾക്ക് ശേഷമായിരിക്കും അന്വേഷണം അവസാനിപ്പിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക.

കൊൽക്കത്തയിൽ കണ്ടെന്ന നഴ്‌സിന്റെ മൊഴിയും പരിശോധിച്ചു
തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകൾ കണ്ടെത്തി പുനഃപരിശോധിക്കുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായാണ് സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ച് വീണ്ടും സജീവമാക്കിയത്. കൊൽക്കത്തയിൽവെച്ച് സുകുമാരക്കുറുപ്പിനെ കണ്ടതായി നേരത്തെ പൊലീസിനെ അറിയിച്ച രത്‌നമ്മ എന്ന നഴ്‌സിന്റെ മൊഴിയും അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തിയിരുന്നു. വർഷങ്ങളായി മരവിച്ചുകിടന്ന കേസിൽ ലഭ്യമായ വിവരങ്ങളും പഴയ മൊഴികളും പരിശോധിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് ഇപ്പോഴത്തെ നിഗമനത്തിലെത്തിയത്. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലായിരുന്നു കേസിന്റെ പുനഃപരിശോധന.

കേരള പൊലീസിന്റെ പട്ടികയിലെ പ്രധാന പിടികിട്ടാപ്പുള്ളി
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിലെ പുത്തൻവീട്ടിൽ ശിവരാമക്കുറുപ്പിന്റെ മകനാണ് സുകുമാരക്കുറുപ്പ്. ഗോപാലകൃഷ്ണക്കുറുപ്പ് എന്നാണ് യഥാർഥ പേര്.പ്രീഡിഗ്രി പഠനം പൂർത്തിയാക്കാനാകാതെ നാട്ടിൽ വിവിധ ജോലികൾ ചെയ്തിരുന്ന അദ്ദേഹം പിന്നീട് വ്യോമസേനയിൽ ചേർന്നു. എന്നാൽ സൈനിക ജീവിതവുമായി പൊരുത്തപ്പെടാനാകാതെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു.തുടർന്ന് താൻ മരിച്ചെന്ന വ്യാജരേഖയുണ്ടാക്കി വ്യോമസേനയ്ക്ക് ടെലഗ്രാം അയച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചെത്തിയ ചെങ്ങന്നൂർ പൊലീസിനെ കൈക്കൂലി നൽകി തിരിച്ചയച്ചതായും അന്വേഷണ രേഖകളിലുണ്ട്.പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരിൽ വ്യാജ പാസ്‌പോർട്ട് സംഘടിപ്പിച്ച് വിദേശത്തേക്ക് കടന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ.

അബുദാബിയിൽ പുതിയ ജീവിതം
വിദേശത്തെത്തിയ സുകുമാരക്കുറുപ്പ് അബുദാബിയിലെ ഒരു പെട്രോളിയം കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലി നേടിയിരുന്നു. പിന്നീട് ഭാര്യയെയും അബുദാബിയിലേക്ക് കൊണ്ടുപോയി. ഭാര്യയ്ക്ക് അവിടെ നഴ്‌സായി ജോലി ലഭിക്കുകയും ചെയ്തു. ഇതിനിടെയാണ് കേരളത്തെ ഞെട്ടിച്ച ചാക്കോ വധക്കേസ് സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട് ഉയർന്നത്.

ചാക്കോ വധക്കേസിലെ പ്രധാന പ്രതി

1984 ജനുവരി 22-ന് ആലപ്പുഴയിലെ കരുവാറ്റയ്ക്ക് സമീപം എം.സി. റോഡിൽ ചാക്കോ എന്നയാളുടെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതോടെയാണ് കേസ് പുറത്തറിയുന്നത്. ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി സുകുമാരക്കുറുപ്പ് സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നായിരുന്നു അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. സുകുമാരക്കുറുപ്പിന് സമാനമായ ശരീരഘടനയുള്ള ചാക്കോയെ കൊലപ്പെടുത്തി കാറിനുള്ളിൽ കത്തിച്ച് സുകുമാരക്കുറുപ്പ് മരിച്ചുവെന്ന് വരുത്തിത്തീർക്കുകയായിരുന്നു എന്നതാണ് കേസ് അന്വേഷണത്തിന്റെ കേന്ദ്രബിന്ദു. കേസിന് ആദ്യം ‘സുകുമാരക്കുറുപ്പ് കൊലപാതക കേസ്’ എന്നായിരുന്നു പേര്. പിന്നീട് അത് ‘ചാക്കോ വധക്കേസ്’ എന്നാക്കി മാറ്റുകയായിരുന്നു.

സംഭവത്തിന് പിന്നാലെ സുകുമാരക്കുറുപ്പ് രാജ്യം വിട്ടതോടെ വർഷങ്ങളായി കേരള പൊലീസിന്റെ അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. പല ഘട്ടങ്ങളിലായി ഇയാളെ വിവിധ സ്ഥലങ്ങളിൽ കണ്ടെന്ന അവകാശവാദങ്ങൾ ഉയർന്നെങ്കിലും ഒന്നും സ്ഥിരീകരിക്കാനായില്ല.

ഇനി കേസ് അവസാനിപ്പിക്കുമോ?

പതിറ്റാണ്ടുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തുന്നത്. ഇയാൾ വർഷങ്ങൾക്ക് മുൻപ് ഹൃദ്രോഗത്തെ തുടർന്ന് മരിച്ചിരിക്കാമെന്നാണ് നിലവിലെ വിലയിരുത്തൽ. എന്നാൽ സുകുമാരക്കുറുപ്പിന്റെ മരണം സംബന്ധിച്ച് നേരിട്ടുള്ള തെളിവ് ലഭിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. അതിനാൽ അന്വേഷണ റിപ്പോർട്ടും ലഭ്യമായ തെളിവുകളും ഉന്നതതലത്തിൽ പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പിടികിട്ടാപ്പുള്ളികളിലൊരാളായ സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള അന്വേഷണത്തിന് ഇതോടെ ഔദ്യോഗികമായി വിരാമമിടാനുള്ള സാധ്യതയാണ് തെളിയുന്നത്.



Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

അനന്തപുരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

Save your stories

Sign in