മുംബൈ: അയർലൻഡ്, ഇംഗ്ലണ്ട് ട്വന്റി-20 പര്യടനങ്ങൾക്കും ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ടി20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ പുതിയ നായകനായി മധ്യനിര ബാറ്റർ ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തു. സൂര്യകുമാർ യാദവിന് പകരക്കാരനായാണ് ശ്രേയസ് അയ്യർ ടീമിന്റെ അമരത്തേക്ക് എത്തുന്നത്. മുംബൈയിൽ മുഖ്യ സെലക്ടർ അജിത് അഗാർക്കാരുടെ നേതൃത്വത്തിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് പുതിയ നായകനെ പ്രഖ്യാപിച്ചത്. യുവതാരം തിലക് വർമയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഐപിഎല്ലിലെ വെടിക്കെട്ട് പ്രകടനത്തിലൂടെ ശ്രദ്ധേയനായ 'വണ്ടർ കിഡ്' വൈഭവ് സൂര്യവംശിയും പുതിയ ടീമിൽ ഇടം നേടിയിട്ടുണ്ട്.
സെലക്ഷൻ കമ്മിറ്റി യോഗത്തിന് മുന്നോടിയായി ബിസിസിഐയുടെ അപെക്സ് കൗൺസിൽ ഓൺലൈൻ വഴി യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പുതിയ ക്യാപ്റ്റനെക്കുറിച്ചുള്ള ചർച്ചകൾ അനൗദ്യോഗികമായി നടക്കുകയും, ഒടുവിൽ കൗൺസിൽ അംഗങ്ങൾ ശ്രേയസ് അയ്യരുടെ പേരിലേക്ക് ഏകകണ്ഠമായി എത്തിച്ചേരുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ.
അതേസമയം, മലയാളി താരം സഞ്ജു സാംസണിനെ ടീമിന്റെ നായകനാക്കാൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് വലിയ താല്പര്യമുണ്ടായിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അജിത് അഗാർക്കാർ അടക്കമുള്ള സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾക്ക് ഗംഭീറിന്റെ ഈ അഭിപ്രായത്തോട് യോജിപ്പില്ലായിരുന്നു. സഞ്ജുവിന്റേത് സ്ഥിരതയാർന്ന പ്രകടനമല്ലെന്നും, ദീർഘകാല നായകസ്ഥാനത്തേക്ക് പരിഗണിക്കാൻ ഇപ്പോൾ സമയമായിട്ടില്ലെന്നുമാണ് മുഖ്യ സെലക്ടർ അടക്കമുള്ളവർ നിലപാടെടുത്തത്. ഇതോടെയാണ് സഞ്ജുവിനെ മറികടന്ന് നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർക്ക് കാര്യങ്ങൾ സുഗമമായത്.