പ്രളയ സെസിലൂടെ ലഭിച്ച 1700 കോടി പ്രളയ പുനർ നിർമാണത്തിന് ഉപയോഗിക്കാതെ സർക്കാർ വകമാറ്റിയെന്നും പ്രളയ ബാധിതരോട് കടുത്ത അവഗണനയാണ് സർക്കാർ തുടരുന്നതെന്നും ഡോ.ശൂരനാട് രാജശേഖരൻ. 2019 ആഗസ്ത് മുതൽ 2 വർഷത്തേക്ക് പ്രളയ പുനർ നിർമാണത്തിനു വേണ്ടി ആരംഭിച്ച പ്രളയ സെസിലൂടെ 2021 മാർച്ച് 31 വരെ ലഭിച്ചത് 1705.24 കോടി രൂപയാണ്. ജൂലൈ 31 ന് കാലാവധി അവസാനിക്കുമ്പോൾ പ്രളയ സെസിലൂടെ ലഭിക്കുന്ന തുക 2000 കോടി ആയി ഉയരുമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. 2 വർഷം കൊണ്ട് 1200 കോടിയായിരുന്നു സർക്കാർ പ്രളയ സെസിലൂടെ ലക്ഷ്യമിട്ടത്.
പ്രതീക്ഷിച്ചതിനേക്കാൾ 800 കോടി രൂപ കൂടുതൽ ലഭിച്ചതു വഴി പ്രളയ സെസ് സർക്കാരിന് മെഗാ ബംബർ ലോട്ടറി ആയി. കോവിഡ് പ്രതിസന്ധി മൂലം തകർന്ന് തരിപ്പണമായ ജനങ്ങളിൽ നിന്നാണ് പ്രളയ സെസിന്റെ മറവിൽ സർക്കാർ കോടികൾ പിരിച്ചെടുത്തത്. പ്രളയബാധിത മേഖലയോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും പ്രളയ സെസിലൂടെ ലഭിച്ച വകമാറ്റിയ തുക പ്രളയ പുനർ നിർമാണത്തിന് ഉപയോഗിക്കാൻ സർക്കാർ തയ്യാറാകണം.