പേഴ്‌സണൽ കമ്പ്യൂട്ടറുകളിലെ മെമ്മറി (RAM) ഉപയോഗത്തെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ ഓൺലൈനിൽ കടുത്ത വിമർശനം നേരിട്ട് ഓപ്പൺഎഐ സിഇഓ സാം ഓൾട്ട്മാൻ. എഐ രംഗത്തടക്കം ആഗോളതലത്തിൽ കടുത്ത ചിപ്പ് ക്ഷാമം നേരിടുന്ന ഘട്ടത്തിൽ, പേഴ്‌സണൽ കമ്പ്യൂട്ടറുകളിൽ ഉപയോക്താക്കൾ വലിയ അളവിൽ റാം സൂക്ഷിക്കുന്ന പ്രവണതയെ അദ്ദേഹം വിമർശിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതോടെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമായി.
തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്ന് സാം ഓൾട്ട്മാൻ വിശദീകരിച്ചെങ്കിലും വിമർശനങ്ങൾ അടങ്ങിയില്ല. തുടർന്ന് ഒരു എക്‌സ് (ട്വിറ്റർ) ഉപയോക്താവ് തമാശയായി പേര് 'റാം ഓൾട്ട്മാൻ' എന്ന് മാറ്റാമോ എന്ന് ചോദിച്ചപ്പോൾ 'ശരി, ആക്കാം' എന്ന് മറുപടി നൽകി അദ്ദേഹം തന്റെ ഡിസ്‌പ്ലേ നെയിം കുറച്ചു സമയത്തേക്ക് മാറ്റുകയായിരുന്നു.
പിന്നീട് തന്റെ പരാമർശത്തിൽ അദ്ദേഹം കൂടുതൽ വ്യക്തത വരുത്തി. ലോകത്തിന് കൂടുതൽ മെമ്മറി ലഭ്യമാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും, ആളുകൾക്ക് അവരുടെ കമ്പ്യൂട്ടറുകളിൽ ഇഷ്ടമുള്ളത്ര റാം ഇൻസ്റ്റാൾ ചെയ്യാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കിയാണ് അദ്ദേഹം വിവാദങ്ങൾക്ക് വിരാമമിട്ടത്.
കമ്പ്യൂട്ടർ റാം പരാമർശം വിവാദത്തിൽ; പേര് 'റാം ഓൾട്ട്മാൻ' എന്ന് മാറ്റി സാം ഓൾട്ട്മാൻ