തൃശ്ശൂര്‍: വെറ്ററിനറി മേഖലയിലെ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലങ്ങള്‍ സാധാരണക്കാരുടെയും കര്‍ഷകരുടെയും ജീവിതത്തില്‍ പ്രയോജനപ്പെടുന്ന രീതിയില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. മണ്ണുത്തി വെറ്ററിനറി കോളേജില്‍ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 18-ാമത് കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസും ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണങ്ങള്‍ കേവലം പഠനങ്ങളായി ഒതുങ്ങാതെ പ്രായോഗിക തലത്തിലേക്ക് എത്തണമെന്നും ഇതിനായി സംസ്ഥാനത്ത് ആവശ്യമായ സംവിധാനം ഒരുക്കാന്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൃഷിയെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, പശ്ചിമഘട്ട മേഖലയിലേതടക്കമുള്ള ഭൂരിഭാഗം കര്‍ഷകരുടെയും പ്രധാന ഉപജീവനമാര്‍ഗ്ഗം കന്നുകാലി വളര്‍ത്തലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ മൃഗസംരക്ഷണ വകുപ്പിന് പര്യാപ്തമായ പിന്തുണ നല്‍കുമെന്നും അടുത്ത ബജറ്റ് മുതല്‍ ഈ മേഖലയ്ക്കുള്ള തുകയുടെ വിഹിതം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബയോടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ജനിതകശാസ്ത്രം തുടങ്ങിയ ഭാവി സാങ്കേതികവിദ്യകള്‍ ആരോഗ്യ-മൃഗസംരക്ഷണ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനനുസരിച്ച് പുതിയ പ്രവര്‍ത്തന രീതികള്‍ രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച 'വണ്‍ ഹെല്‍ത്ത്' (ഏകാരോഗ്യം) ആശയം സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ നയത്തിന്റെ പ്രധാന ഭാഗമാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മനുഷ്യന്റെയും മൃഗങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രവാസികള്‍ ലോകമെമ്പാടും യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ നിപ പോലുള്ള ജന്തുജന്യ രോഗങ്ങളും പകര്‍ച്ചവ്യാധികളും കേരളത്തിലെത്താന്‍ സാധ്യതയുള്ളതിനാല്‍ മൃഗങ്ങള്‍ക്കിടയിലെ രോഗവ്യാപനം കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. ഇതിനായി 'വണ്‍ ഹെല്‍ത്ത്' ലബോറട്ടറി നയവുമായി ബന്ധിപ്പിച്ച് പ്രത്യേക പബ്ലിക് ഹെല്‍ത്ത് വിംഗ് (പൊതുജനാരോഗ്യ വിഭാഗം) ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും സാമ്പത്തിക സഹായമടക്കം എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി, മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് മൂന്നുദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനവുമായി സഹകരിച്ച ഗള്‍ഫ് രാജ്യങ്ങളിലെ സര്‍വ്വകലാശാലകളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഐ.വി.എ കേരള പ്രസിഡന്റ് ഡോ. വി.കെ.പി. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.എസ്.സി 2026 ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. എസ്. മായ ആശയവിശദീകരണം നടത്തി.
പ്രൊഫ. വെങ്കിട്ടരമണ മണ്ഡ, ഡോ. ജിജമോന് നല്‍കി പ്രബന്ധ സമാഹാരം പ്രകാശനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. അനില്‍ മുഖ്യപ്രഭാഷണവും, യു.എ.ഇ തുംബെ വെറ്ററിനറി കോളേജ് ഡീന്‍ പ്രൊഫ. മുഹമ്മദ് എസ്. ഖലീഫ, ഡോ. സി. ലത, ഡോ. ടി.എസ്. രാജീവ് എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു. ഡോ. അല്ലി കെ. സ്വാഗതവും ഡോ. എ. ഇര്‍ഷാദ് നന്ദിയും പറഞ്ഞു.
ഗവേഷണഫലങ്ങൾ സാധാരണക്കാരുടെ ജീവിതത്തിൽ പ്രയോജനപ്പെടണം; 18-ാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ