ഇക്കഴിഞ്ഞ ആഴ്ചയാണ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചത്. റോമിലെ ജെമെല്ലി ആശുപത്രിയിൽ നടന്ന 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ വലതു ശ്വാസകോശത്തിലെ അർബുദ മുഴ നീക്കം ചെയ്തിരുന്നു. കാൻസർ പൂർണ്ണമായി നീക്കം ചെയ്തു എന്ന് ഉറപ്പാക്കാൻ മാർപാപ്പയുടെ ശ്വാസകോശത്തിന്റെ വലതുഭാഗത്തെ താഴത്തെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു. പുകവലിക്കാത്തവരിലും കണ്ടുവരാറുള്ള 'അഡിനോകാർസിനോമ' എന്ന വിഭാഗത്തിൽപെടുന്ന ശ്വാസകോശാർബുദമാണ് മാർപാപ്പയ്ക്ക് സ്ഥിരീകരിച്ചിരുന്നത്. ഉദര പരിശോധനകൾക്കിടയിലാണ് നോഡ്യൂൾ യാദൃശ്ചികമായി കണ്ടെത്തിയത്. യാതൊരു ലക്ഷണങ്ങളും അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നില്ല.
ശസ്ത്രക്രിയ കഴിഞ്ഞ് നാലുദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിട്ട മാർപാപ്പയ്ക്ക് ഇപ്പോൾ തുടർചികിത്സ ആവശ്യമില്ലെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് സ്ഥിരീകരിച്ച ശ്വാസകോശ അർബുദം വ്യാപിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തുടർചികിത്സ വേണ്ടെന്ന് വ്യക്തമാക്കിയത്. മാർപാപ്പയുടെ പേഴ്സണൽ ഫിസിഷ്യനായ ഡോ. ലുയിജി കാർബോണും സർജനായ ഡോ. സ്റ്റെഫാനോ മാർഗരിറ്റോറയുമാണ് ഈ ആശ്വാസകരമായ ആരോഗ്യവിവരം പുറത്തുവിട്ടത്. ശസ്ത്രക്രിയയ്ക്കിടെ നീക്കം ചെയ്ത ടിഷ്യുവിൽ നടത്തിയ പരിശോധനകളിൽ രോഗനിർണ്ണയം സ്ഥിരീകരിക്കുകയും, ലിംഫ് നോഡുകളിലേക്കും മറ്റും രോഗം പടർന്നിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തു. നേരത്തേ ട്യൂമർ കണ്ടെത്തുന്ന സാഹചര്യങ്ങളിൽ സർജറി മാത്രം മതിയെന്നതിന്റെ ഉദാഹരണമാണിത്.
ശ്വാസകോശത്തിൽ രൂപപ്പെടുന്ന കാൻസർ പ്രധാനമായും നോൺ സ്‌മോൾ സെൽ ലംഗ് കാൻസർ (NSCLC), സ്‌മോൾ സെൽ ലംഗ് കാൻസർ (SCLC) എന്നിങ്ങനെ രണ്ടുവിധത്തിലാണുള്ളത്. ഇതിൽ NSCLC വളരെ സാവധാനത്തിൽ മാത്രമാണ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടരുക. പുകവലി, റേഡിയേഷനുമായുള്ള ബന്ധം, റാഡോൺ ഗ്യാസ്, ആസ്ബറ്റോസ്, വായുമലിനീകരണം, പുകവലിക്കാരുമായുള്ള സാമീപ്യം, കുടുംബത്തിലെ കാൻസർ ചരിത്രം എന്നിവ ശ്വാസകോശ അർബുദത്തിന് കാരണമാകാം. ഏറെനാൾ നീണ്ടുനിൽക്കുന്ന ചുമ, കഫത്തിൽ ചോരയുടെയോ തുരുമ്പിന്റെയോ നിറം, ശ്വാസംമുട്ടൽ, നെഞ്ചുവേദന, അകാരണമായ ഭാരക്കുറവ് തുടങ്ങിയവയാണ് പ്രധാന പ്രാരംഭ ലക്ഷണങ്ങൾ. എക്സ്-റേ, ബയോപ്സി, പി.ഇ.ടി. സ്കാൻ തുടങ്ങിയവയിലൂടെ രോഗനിർണയം നടത്തി ശസ്ത്രക്രിയ, റേഡിയോ തെറാപ്പി, കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ ആധുനിക ചികിത്സാ രീതികളിലൂടെ രോഗം ഭേദമാക്കാൻ സാധിക്കും.
മാർപാപ്പയുടെ ശ്വാസകോശ അർബുദ ശസ്ത്രക്രിയ വിജയം; കാൻസർ പടർന്നിട്ടില്ലെന്ന് ഡോക്ടർമാർ