വാഷിംഗ്ടണ്‍: ഫ്രാന്‍സില്‍ രൂക്ഷമായി തുടരുന്ന പ്രക്ഷോഭങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ കുടിയേറ്റ നയങ്ങളാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റ വിഷയത്തില്‍ താന്‍ നല്‍കിയ മുന്നറിയിപ്പുകള്‍ മക്രോണ്‍ അവഗണിച്ചതാണ് നിലവിലെ ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണമെന്നും ട്രംപ് ആരോപിച്ചു.
'പാരീസ് ഉടന്‍ തന്നെ ഒരു മുസ്ലീം നഗരമായി മാറും, അത് ശരിയായ രീതിയല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആള്‍ക്കാരെ ഫ്രാന്‍സിലേക്ക് കടത്തിവിട്ടത് വലിയ തെറ്റാണെന്ന് താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മക്രോണിനോട് പറഞ്ഞിരുന്നു,' വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
അതിനിടെ, ഫ്രാന്‍സിലെ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്ന പശ്ചാത്തലത്തില്‍ പാരീസ്, ലില്ലെ, നീസ് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഫ്രഞ്ച് സര്‍ക്കാര്‍ പ്രാദേശിക കര്‍ഫ്യൂവും പൊതുയോഗങ്ങള്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തി. വന്‍തോതിലുള്ള അക്രമങ്ങളും കൊള്ളയും പൊലീസുമായുള്ള ഏറ്റുമുട്ടലുമാണ് രാജ്യത്തുടനീളം അരങ്ങേറുന്നത്. പുതിയ പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണുവിന്റെ സര്‍ക്കാരിന് മേല്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉള്ളത്.
സാഹചര്യം നിയന്ത്രണവിധേയമാക്കാന്‍ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് പകരം പ്രാദേശികതലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് ക്രമസമാധാനം തിരികെ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ലെകോര്‍ണു വ്യക്തമാക്കി. പാരീസില്‍ തിങ്കളാഴ്ച രാത്രി 8 മണി മുതല്‍ നിശ്ചിത മേഖലകളില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ചു. പ്ലേസ് ഡി ലാ റിപ്പബ്ലിക്, ലെസ് ഹാലെസ് തുടങ്ങിയ കേന്ദ്രങ്ങളില്‍ രാത്രി 11 മുതല്‍ രാവിലെ 6 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 2,400-ഓളം പേര്‍ അറസ്റ്റിലാവുകയും ആയിരത്തോളം പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഉണ്ടായ സംഘര്‍ഷത്തിനിടെ ഹൃദയാഘാതം മൂലം ഒരു പ്രതിഷേധക്കാരന്‍ മരണപ്പെട്ടു. മൂവായിരത്തോളം കടകളും സ്ഥാപനങ്ങളും അക്രമികള്‍ തകര്‍ത്തതായി ട്രേഡ് ഫെഡറേഷന്‍ വ്യക്തമാക്കി.
രാജ്യത്തുണ്ടായ അക്രമ സംഭവങ്ങളെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ രംഗത്തെത്തി. അക്രമങ്ങളെയും പൊതുമുതല്‍ നശിപ്പിക്കുന്നതിനെയും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ ആവശ്യങ്ങള്‍ ന്യായമാണെങ്കിലും, അക്രമം അഴിച്ചുവിടുന്നവരുമായി അതിനെ കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാരീസ് ഉടന്‍ ഒരു മുസ്ലീം നഗരമാകും; ഫ്രാന്‍സിലെ കലാപത്തിന് കാരണം മക്രോണിന്റെ കുടിയേറ്റ നയങ്ങളെന്ന് ട്രംപ്