തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ നിർണായക വിവരങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിൽ ബേപ്പൂർ എം.എൽ.എ പി. എ. മുഹമ്മദ് റിയാസും ഭാര്യ വീണയും കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവ്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറയുടേതാണ് നടപടി. അഭിഭാഷകനായ നെയ്യാറ്റിങ്കര നാഗരാജ് നൽകിയ ഹർജി പരിഗണിച്ചാണ് തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവിട്ടത്.
നേരത്തെ ഇതേ വിഷയത്തിൽ കീഴ്ക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് എടുക്കാനോ ഇടപെടാനോ തയ്യാറാകാത്തതിനെ തുടർന്നാണ് ഹർജിക്കാരൻ ജില്ലാ കോടതിയെ സമീപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സമർപ്പിച്ച പത്രികയ്ക്കൊപ്പം സ്വത്തുവിവരങ്ങൾ വ്യക്തമാക്കിയപ്പോൾ ഭാര്യയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങളോ, സി.എം.ആർ.എല്ലിൽ നിന്ന് ഇവർക്ക് ലഭിച്ചതായി പറയപ്പെടുന്ന 1.72 കോടി രൂപയുടെ വരുമാന കണക്കുകളോ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
സ്ഥാനാർത്ഥി മത്സരിക്കുമ്പോൾ കുടുംബത്തിന്റെ മുഴുവൻ സ്വത്തുവിവരങ്ങളും വെളിപ്പെടുത്തണമെന്ന നിയമപരമായ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഇരുവർക്കും കോടതി സമൻസ് അയച്ചിരിക്കുന്നത്. ഹാജരാകേണ്ട കൃത്യമായ തീയതി സംബന്ധിച്ച വിവരങ്ങൾ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.