ദുബായ് : ഹോര്‍മുസ് കടലിടുക്കിലെ കുഴിബോംബ് നീക്കം ചെയ്യുന്നതിനും, സുരക്ഷിത യാത്ര ഒരുക്കാനും ഒമാനും ഫ്രാന്‍സും തമ്മില്‍ ധാരണയായി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പാരീസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണിത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള സമുദ്രപാത സുരക്ഷിതമാക്കും. ഇതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഒമാനും ഫ്രാന്‍സും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും. പ്രതിരോധം, ബഹിരാകാശം, ജലം എന്നീ മേഖലകളില്‍ സഹകരിക്കും. ഇതോടൊപ്പം, സാമ്പത്തിക, ശാസ്ത്ര, സാംസ്‌കാരിക, വ്യവസായിക മേഖലകളെ ഉള്‍ക്കൊള്ളുന്ന കരാറുകളില്‍ ഒപ്പുവച്ചതായും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. 1989 ന് ശേഷം ആദ്യമായാണ് ഒരു ഒമാന്‍ ഭരണാധികാരി ഫ്രാന്‍സില്‍ നേരിട്ടെത്തുന്നത്.