വിവാഹമെന്ന പതിവ് ചട്ടക്കൂടുകളിലേക്ക് കടക്കാന്‍ മടിച്ച് പുതിയ തലമുറയിലെ സ്ത്രീകള്‍. കരിയറിലെ വളര്‍ച്ചയ്ക്കും സാമ്പത്തിക സ്വാതന്ത്ര്യത്തിനും മുന്‍ഗണന നല്‍കുന്ന രീതിയിലേക്ക് ഇന്നത്തെ പെണ്‍കുട്ടികളുടെ ചിന്താഗതികള്‍ മാറിയിരിക്കുന്നു. ഇരുപതുകളുടെ തുടക്കത്തില്‍ത്തന്നെ വിവാഹിതരാകുന്ന രീതി മാറിമറിയുകയാണെന്നും സ്വന്തം സന്തോഷത്തിനും സ്വാശ്രയത്വത്തിനും പ്രാധാന്യം നല്‍കി ജീവിക്കാനാണ് ഇന്നത്തെ സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്നും പുതിയ സാമൂഹിക മാറ്റങ്ങള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ അവിവാഹിതരായ സ്ത്രീകളുടെ നിരക്കില്‍ വര്‍ധനയുണ്ടായതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (NSO) കണക്കുകളും ചൂണ്ടിക്കാണിക്കുന്നു. 2011 മുതല്‍ 2021 വരെയുള്ള കാലയളവില്‍ രാജ്യത്തെ അവിവാഹിതരായ സ്ത്രീകളുടെ അനുപാതത്തില്‍ 6.4 ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇത് വിവാഹത്തോട് സ്ത്രീകള്‍ പൂര്‍ണമായി വിമുഖത കാണിക്കുന്നു എന്നതിനേക്കാള്‍, വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലും വിവാഹപ്രായത്തിലും വന്ന മാറ്റത്തെയാണ് കാണിക്കുന്നത്.
സാമ്പത്തിക സ്വാതന്ത്ര്യവും പങ്കാളിയില്‍ നിന്നുള്ള പ്രതീക്ഷകളും:
ഉന്നത വിദ്യാഭ്യാസരംഗത്ത് പെണ്‍കുട്ടികളുടെ പ്രാതിനിധ്യം ഉയര്‍ന്നതാണ് ഈ ചിന്താഗതിയിലേക്ക് നയിച്ച പ്രധാന ഘടകം. മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നിന്നതിനുശേഷം മതി വിവാഹം എന്ന വ്യക്തമായ നിലപാടിലാണ് യുവതികള്‍. സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ട് മാത്രം വിവാഹം കഴിക്കുന്ന പതിവ് രീതികള്‍ മാറിക്കഴിഞ്ഞു. തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന പങ്കാളി നല്‍കുന്ന മൂല്യങ്ങള്‍ എന്തൊക്കെയാണെന്നാണ് ഇന്നത്തെ സ്ത്രീകള്‍ പ്രധാനമായും നോക്കുന്നത്.
സാമ്പത്തിക സുരക്ഷിതത്വത്തിനൊപ്പം വീടുകളിലെ തൊഴില്‍പരമായ അസമത്വങ്ങളും സ്ത്രീകളെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ജോലി കഴിഞ്ഞെത്തുന്ന സ്ത്രീകള്‍ക്ക് വീട്ടുജോലികള്‍ മുഴുവന്‍ ഒറ്റയ്ക്ക് ചുമക്കേണ്ടിവരുന്ന അവസ്ഥ പലയിടത്തുമുണ്ട്. ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാതെ, പ്രശ്നങ്ങള്‍ സഹിച്ച് ജീവിക്കുന്നതിനേക്കാള്‍ സന്തോഷത്തോടെ ഒറ്റയ്ക്ക് കഴിയുന്നതാണ് ഉചിതമെന്ന് പലരും ചിന്തിക്കുന്നു.
സുരക്ഷിതത്വത്തിന് പുതിയ വഴികള്‍:
ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകള്‍ക്കെതിരെ 'വാര്‍ധക്യകാലത്ത് ആര് സംരക്ഷിക്കും?' എന്ന ചോദ്യം കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും സ്ഥിരമായി ഉയരാറുണ്ട്. എന്നാല്‍ ഭര്‍ത്താവും മക്കളും മാത്രമല്ല സംരക്ഷണം എന്ന കാഴ്ചപ്പാടില്‍ നിന്ന് മാറി സ്വന്തം സമ്പാദ്യം, ആരോഗ്യ ഇന്‍ഷുറന്‍സ്, സുഹൃദ്വലയം എന്നിവയിലൂടെ ഭാവിയെ സുരക്ഷിതമാക്കാന്‍ കഴിയുമെന്ന് സ്ത്രീകള്‍ കരുതുന്നു. ചിലര്‍ വിവാഹമില്ലാത്ത ദീര്‍ഘകാല ബന്ധങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ മറ്റുചിലര്‍ അവിവാഹിതരായി തുടരുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്. ഒരു സ്ത്രീയുടെ ജീവിതവിജയത്തിന് വിവാഹം അനിവാര്യമാണെന്ന ധാരണ മാറുന്ന പുതിയ സാമൂഹിക ചിത്രമാണ് ഇത് നല്‍കുന്നത്.
വിവാഹമെന്ന ചട്ടക്കൂടുകൾക്കപ്പുറം കരിയറും സ്വാതന്ത്ര്യവും; മാറുന്ന കാഴ്ചപ്പാടുകളുമായി ന്യൂജെന്‍ സ്ത്രീകൾ