ആഗോള ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് തങ്ങളുടെ ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കടുത്ത മത്സരവും വരുമാനത്തിലെ ഇടിവും കാരണം പുതിയ മാറ്റങ്ങൾക്ക് കമ്പനി നിർബന്ധിതരായിരിക്കുകയാണ്. മൊത്തം ജീവനക്കാരുടെ ഏകദേശം 6 ശതമാനം വരുമിത്. 2022-ന് ശേഷമുള്ള നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും വലിയ തൊഴില് വെട്ടിക്കുറയ്ക്കലാണിത്. എച്ച്.ആർ, നിയമം, സാങ്കേതികവിദ്യ തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക. ജോലി നഷ്ടപ്പെടുന്ന ജീവനക്കാരെക്കുറിച്ച് മാനേജര്മാര് ഉടൻതന്നെ വിവരം നൽകും.
കമ്പനിയുടെ വളര്ച്ച താന് ആഗ്രഹിച്ച വേഗതയിലല്ല മുന്നോട്ടുപോകുന്നതെന്ന് നെറ്റ്ഫ്ലിക്സ് കോ-ചീഫ് എക്സിക്യൂട്ടീവ് ടെഡ് സാരന്ഡോസ് കഴിഞ്ഞ മാസം ബ്ലൂംബെര്ഗ് സ്ക്രീന്ടൈം ഉച്ചകോടിയില് വ്യക്തമാക്കിയിരുന്നു. യൂട്യൂബ്, ടിക് ടോക് തുടങ്ങിയ സൗജന്യ പ്ലാറ്റ്ഫോമുകള് ഉപയോക്താക്കളെ ആകര്ഷിക്കുന്നതും ഒടിടി രംഗത്തെ കടുത്ത മത്സരവുമാണ് നെറ്റ്ഫ്ലിക്സിന് പ്രധാന വെല്ലുവിളിയാകുന്നത്. ഇതിനിടയില്, എച്ച്ബിഒയുടെ ഉടമകളായ വാര്ണര്ബ്രോസുമായുള്ള പാരമൗണ്ടിന്റെ 110 ബില്യണ് ഡോളറിന്റെ ലയനം ഒടിടി മേഖലയില് വലിയ മാറ്റങ്ങളാണുണ്ടാക്കുന്നത്. വാര്ണര് ബ്രോസിനെ സ്വന്തമാക്കാന് നെറ്റ്ഫ്ലിക്സും ശ്രമിച്ചിരുന്നെങ്കിലും ഒടുവില് പാരമൗണ്ടിന് മുന്നില് അവര്ക്ക് പിന്വാങ്ങേണ്ടി വന്നിരുന്നു.
ജീവനക്കാര്ക്കയച്ച ഇമെയില് സന്ദേശത്തില് കോ-ചീഫ് എക്സിക്യൂട്ടീവ്മാരായ ടെഡ് സാരന്ഡോസും ഗ്രെഗ് പീറ്റേഴ്സും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തെ രസിപ്പിക്കുകയെന്ന ഞങ്ങളുടെ ദൗത്യം വലുതാണ്, അതിനായി മുന്ഗണനകളില് കര്ശനമായ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്ന് അവര് സന്ദേശത്തില് വ്യക്തമാക്കി. എങ്കിലും, സേവനങ്ങള് മെച്ചപ്പെടുത്തുന്നതിനും വളര്ച്ചയ്ക്കും വേണ്ടി പ്രധാന മേഖലകളില് കമ്പനി ശക്തമായി നിക്ഷേപം തുടരുമെന്നും അവര് കൂട്ടിച്ചേർത്തു.
ഗെയിമിംഗ് രംഗത്തേക്കുള്ള പ്രവേശനവും ഷോകള്ക്ക് മുന്നിലും ഇടയിലും പരസ്യങ്ങള് അനുവദിക്കുന്നതുമടക്കം വിവിധ പരീക്ഷണങ്ങള് കമ്പനി നടത്തുന്നുണ്ടെങ്കിലും, നിലവിലെ സബ്സ്ക്രിപ്ഷന് ബിസിനസ്സ് അതിന്റെ പരിധിയിലെത്തിക്കഴിഞ്ഞതായി നിരീക്ഷകര് കരുതുന്നു. പുതിയൊരു വലിയ വരുമാന സ്രോതസ്സ് കണ്ടെത്താന് കമ്പനി പാടുപെടുകയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വരിക്കാരുടെ എണ്ണത്തില് കുറവുണ്ടായതിനെ തുടര്ന്ന് 2022-ൽ 450-ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായിരുന്നു ഇതിനുമുമ്പ് നെറ്റ്ഫ്ലിക്സിൽ ഉണ്ടായ പ്രധാന തൊഴില് വെട്ടിക്കുറയ്ക്കല് നടപടി.
വരുമാന ഇടിവും കടുത്ത മത്സരവും; വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ്