ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ വാതകസംസ്കരണ കേന്ദ്രത്തിൽ സ്ഫോടനം നടന്നു. റാസ് ലഫാനിലെ ബർസാൻ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 54 പേർക്ക് പരുക്കേറ്റു. അപകടത്തിൽ കാണാതായ 18 ജീവനക്കാർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാങ്കേതിക തകരാറാണ് കാരണമെന്ന് സംശയിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദ്രവീകൃത പ്രകൃതിവാതകം എന്ന, എൽഎൻജി ഉൽപാദന-കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണിത്.
ഖത്തറിലെ ആവശ്യങ്ങൾക്കായി വാതക വിതരണം സുഗമമാക്കുന്ന ബർസാൻ പ്ലാന്റിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ആഭ്യന്തര സുരക്ഷാ സേനയുടെ സെർച്ച് ആൻഡ് റെസ്‌ക്യൂ വിഭാഗവും സിവിൽ ഡിഫൻസും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി.പ്ലാന്റിൽ പ്രകൃതിവാതക ചോർച്ചയൊന്നും ഉണ്ടായിട്ടില്ലെന്നും പൊതുജനങ്ങൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഖത്തർ എനർജി പ്രസ്താവനയിലൂടെ വ്യക്തമാക്കി.