സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍. ഒരേ സമയം അംഗങ്ങള്‍ ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ചതാണ് വിവാദമായത്. ദേശീയ ഗാനം ആലപിച്ചു കഴിഞ്ഞിട്ടും ബിജെപി കൗണ്‍സിലര്‍മാരുടെ വന്ദേമാതരം തുടര്‍ന്നു. അവര്‍ ദേശീയ ഗാനം ആലപിച്ചില്ല. ഇതോടെ വന്ദേമാതരം പൂര്‍ത്തിയാവുന്നതിനു മുന്‍പേ മേയറും സംഘവും വേദി വിട്ടു
കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സമാപന സമയത്താണ് ദേശീയഗാനത്തെയും ദേശീയഗീതത്തെയും ബിജെപിയും സിപിഎമ്മും അവഹേളിച്ചത്. മേയറുടെ ഒ സ ദാശിവന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ദേശീയ ഗാനവും ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരവും ഒരേസമയം ആലപിച്ചു. ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരം ആലപിക്കുമ്പോള്‍ മേയറും ഡെപ്യൂട്ടി മേയറും അടക്കം ദേശീയ ഗാനം പാടി അവസാനിപ്പിച്ച് വേദി വിടുകയായിരുന്നു.
അതേസമയം കോഴിക്കോട് കോര്‍പ്പറേഷനിലെ വിവാദം ആസൂത്രിതമാണെന്ന് യുഡിഎഫ് പറഞ്ഞു. ബിജെപി കൗണ്‍സിലര്‍മാര്‍ സംഘടിതമായി വന്ന് സ്വാതന്ത്യ ദിനം അലങ്കോലമാക്കിയതായി കൗണ്‍സിലര്‍ എസ്.വി.ഷമീല്‍ തങ്ങള്‍ വ്യക്തമാക്കി. ദേശീയ ഗാനത്തെ അവഹേളിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ആദ്യം തന്നെ വന്ദേമാതരം പാടുമെന്ന് മേയറോട് പറഞ്ഞിരുന്നുവെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എന്നാല്‍ വന്ദേമാതരം ആലപിക്കുന്ന കാര്യം ബിജെപി പറഞ്ഞില്ലെന്ന് സിപിഎമ്മും വ്യക്തമാക്കി.
കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നാടകീയ രംഗങ്ങള്‍; ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച് ബിജെപിയും സിപിഎമ്മും