കോട്ടയം - കുമളി ദേശീയപാതയിൽ 13-ാം മൈലിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് യുവതികൾ ദാരുണമായി മരിച്ചു. സ്കൂട്ടറിന് മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ എതിർദിശയിൽ വന്ന ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
പാമ്പാടി പൊത്തൻപുറം കടവുംഭാഗത്ത് ഫാ. കുര്യാക്കോസിന്റെ മകൾ കൃപ മെറിൻ കുര്യൻ (24), മീനടം വട്ടക്കാവുങ്കൽ വീട്ടിൽ തോമസിന്റെ മകൾ ആഷ്‌ലി ആൻ തോമസ് (23) എന്നിവരാണ് മരിച്ചത്. കട്ടപ്പനയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബസിനടിയിലേക്കാണ് ഇരുവരും സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞത്. റോഡിനോട് ചേർന്ന് സംസാരിച്ചുനിന്ന വഴിയാത്രക്കാരെ ഇടിക്കാതിരിക്കാൻ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ, പിന്നാലെ വന്ന സ്കൂട്ടർ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.
ഓസ്ട്രേലിയയിൽ എം.എസ്.ഡബ്ല്യു പഠനം പൂർത്തിയാക്കി മാർച്ചിലെ ഗ്രാജുവേഷന്റെ ഇടവേളയിൽ നാട്ടിലെത്തിയതായിരുന്നു കൃപ. ബെംഗളൂരുവിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയ ആഷ്‌ലി, എ.സി.സി.എ, ഐ.ഇ.എൽ.ടി.എസ് പരീക്ഷകളും വിജയിച്ച ശേഷമാണ് അവധിക്കായി വീട്ടിലെത്തിയത്. സ്കൂൾ കാലം മുതലുള്ള സഹപാഠികളായിരുന്നു ഇരുവരും.
കൃപയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുകയും, ഇന്ന് രാവിലെ പാമ്പാടി പൊത്തൻപുറത്തെ വീട്ടിലെത്തിക്കുകയും ചെയ്തു. തുടർന്ന് കടവുംഭാഗം സെന്റ്. ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിൽ ഉച്ചയ്ക്ക് 2 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.
മണർകാട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ആഷ്ലിയുടെ മൃതദേഹം ഇന്ന് വൈകിട്ട് 5-ന് വീട്ടിലെത്തിക്കും. സംസ്കാരം നാളെ രാവിലെ 10-ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മീനടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.