തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപ്പനയിൽ റെക്കോർഡ് വർധന. ഓണത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വരെയുള്ള എട്ട് ദിവസത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി 771.29 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 694.96 കോടി രൂപയുടെ വിൽപ്പനയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 77 കോടിയിലധികം രൂപയുടെ വർധന രേഖപ്പെടുത്തി.
ഉത്രാട നാളിലും ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ മികച്ച വിൽപ്പനയാണ് രേഖപ്പെടുത്തിയത്. 126.31 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം കൊണ്ട് വിറ്റത്. എന്നാൽ കഴിഞ്ഞ വർഷത്തെ ഉത്രാട ദിനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വിൽപ്പന കുറഞ്ഞു. 2025ലെ ഉത്രാട നാളിൽ 137 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 10.69 കോടി രൂപയുടെ കുറവാണ് ഇത്തവണ ഉണ്ടായത്.
കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലും ഉത്രാട ദിനത്തിൽ മികച്ച വിൽപ്പന നടന്നു. 20.35 കോടി രൂപയുടെ മദ്യമാണ് കൺസ്യൂമർഫെഡിന്റെ ഔട്ട്‌ലെറ്റുകൾ വഴി ഒറ്റ ദിവസം വിറ്റത്. ഓണക്കാലത്തെ തുടർച്ചയായ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളിൽ അധിക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.
ഓണക്കാലത്ത് കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന; എട്ട് ദിവസത്തിൽ ബെവ്‌കോ നേടിയത് 771.29 കോടി