തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത മഴ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. സംസ്ഥാനത്തെ മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അടുത്ത 5 ദിവസത്തെ ജില്ലാതല മഴ മുന്നറിയിപ്പ്:
ഒക്ടോബർ 15: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.
ഒക്ടോബർ 16: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഒക്ടോബർ 17: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്.
ഒക്ടോബർ 18: കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ട്.
ഒക്ടോബർ 19: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള അപകടകരമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറേണ്ടതാണ്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും ഉള്ളവരും പ്രത്യേക ശ്രദ്ധ പുലർത്തണം. അപകടസാധ്യതയുള്ള മേഖലകളിലുള്ളവർ പകൽസമയത്ത് തന്നെ മാറിത്താമസിക്കുകയും അടിയന്തര ആവശ്യങ്ങൾക്കായി 'എമർജൻസി കിറ്റ്' തയ്യാറാക്കി വെക്കുകയും വേണം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ബലക്ഷയമുള്ള വീടുകളിലും താത്കാലിക മേൽക്കൂരകളിലും കഴിയുന്നവർ മുൻകരുതലുകൾ എടുക്കണം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ ആസ്ഥാനങ്ങളിലും കൺട്രോൾ റൂമുകൾ 24 മണിക്കൂറും സജ്ജമാക്കിയിട്ടുണ്ട്. സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.
മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്