സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 175 രൂപ കുറഞ്ഞ് ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 13,060 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 1,400 രൂപയുടെ കുറവുണ്ടായതോടെ ഒരു പവൻ സ്വർണ്ണം വാങ്ങാൻ ഇനി 1,04,480 രൂപ നൽകിയാൽ മതി. 18 കാരറ്റ് സ്വർണ്ണവിലയിലും ഇടിവുണ്ടായിട്ടുണ്ട്; ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും കുറഞ്ഞ് യഥാക്രമം 10,690 രൂപയായും 85,520 രൂപയായുമാണ് വില കുറഞ്ഞത്.
അന്താന്തര വിപണിയിലെ തകർച്ചയാണ് സ്വർണ്ണവിലയുടെ കുത്തനെ ഇടിവിന് പ്രധാന കാരണം. രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയ സ്വർണ്ണം ഔൺസിന് 4,025 ഡോളറിലേക്കാണ് താഴ്ന്നത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും അതുമൂലമുണ്ടായ എണ്ണവില വർദ്ധനവുമാണ് സ്വർണ്ണ വിപണിയെ പ്രതികൂലമായി ബാധിക്കുന്നത്. യെമനിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളും സൗദിയുടെ എണ്ണസംഭരണശാലകൾ ലക്ഷ്യമിട്ടുള്ള നീക്കങ്ങളും വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ഇന്നും ക്രൂഡ് ഓയിൽ വിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ 113 ഡോളറിലും ഡബ്ല്യു.ടി.ഐ ക്രൂഡിന്റെ വില 100 ഡോളറിന് മുകളിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഈ ആഗോള വിപണി മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് ഫ്ലാറ്റായാണ് വ്യാപാരം ആരംഭിച്ചത്.
സ്വർണ്ണവിലയിൽ വൻ ഇടിവ്; കേരളത്തിൽ പവന് 1,400 രൂപ കുറഞ്ഞ് 1,04,480 രൂപയായി