തിരുവനന്തപുരം: ചിന്നക്കനാലിലെ വന-വന്യജീവി മനുഷ്യ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആനത്താരകളുമായി ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ ഉത്തരവ് ഉയർത്തിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്മേൽ നിയമസഭയിൽ ശക്തമായ ഭരണ-പ്രതിപക്ഷ പോര്. വിഷയത്തെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും മന്ത്രിമാരും സഭയിൽ ശക്തമായി തിരിച്ചടിച്ചു. മുൻ സർക്കാരിന്റെ തെറ്റായ നിലപാടുകൾ കാരണമാണ് സി.എച്ച്.ആർ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവൻ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതിയിൽ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ കുറ്റപ്പെടുത്തി. കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ചിന്നക്കനാലിലെ ഒരു കയ്യേറ്റക്കാരെയും സർക്കാർ സംരക്ഷിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. മുൻ സർക്കാർ കോടതിയിൽ കയ്യേറ്റക്കാരുടെ ലിസ്റ്റ് സമർപ്പിക്കുന്നതിൽ വരുത്തിയ വീഴ്ചകൾ ഈ സർക്കാർ തിരുത്തുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
അതേസമയം, ചിന്നക്കനാലിൽ ജനങ്ങളെയും മനുഷ്യജീവനെയും സംരക്ഷിക്കുന്നതിനായി സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്കെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷ നിലപാടിനെ റവന്യൂ മന്ത്രി എ. പി. അനിൽ കുമാർ ശക്തമായി വിമർശിച്ചു. ജനക്ഷേമ നടപടികളെ രാഷ്ട്രീയമായി എതിർക്കുന്ന പ്രതിപക്ഷ സമീപനം നിർഭാഗ്യകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എത്ര പറഞ്ഞാലും കാര്യങ്ങൾ മനസ്സിലാകാത്ത ചിലരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിനേക്കാൾ ഭേദം വനത്തിലെ വന്യജീവികളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതാണെന്ന രൂക്ഷമായ പരിഹാസത്തോടെയാണ് മന്ത്രി ഷിബു ബേബി ജോൺ പ്രതിപക്ഷ നീക്കത്തെ നേരിട്ടത്. ചിന്നക്കനാലിൽ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ആനത്താരകൾ ഒന്നും തന്നെയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, എന്നാൽ ആനകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള പാത അത്യന്താപേക്ഷിതമാണെന്നും കൂട്ടിച്ചേർത്തു. മഹീന്ദ്ര സ്റ്റെർലിങ്ങിനെതിരെ സർക്കാർ നോട്ടീസ് അയച്ചപ്പോഴാണ് പലർക്കും പൊള്ളിയതെന്നും അദ്ദേഹം തുറന്നടിച്ചു.
വിഷയത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അവധാനാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പതിവുപോലെ അടിയന്തര പ്രമേയ നീക്കത്തിൽ ഇന്നും പ്രതിപക്ഷത്തിന് സഭയിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല": സഭയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ