ഇറാന്‍-യുഎസ് സമാധാനം ലക്ഷ്യമിട്ട് മക്ക പ്രതിരോധ കരാറിലെ മൂന്ന് രാജ്യങ്ങള്‍ ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തീയായി. സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ്, ഇറാനുമായി കൂടിക്കാഴ്ച നടത്തിയത്. പാകിസ്ഥാന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലാണ് യോഗം നടന്നത്. യോഗത്തിന് ശേഷം ചര്‍ച്ചകള്‍ തുടരാന്‍ സമ്മതിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ പറഞ്ഞു.
മേഖലയിലെ സമാധാനവും സുരക്ഷയും ഉള്‍പ്പെടെ സഹകരണം ശക്തിപ്പെടുത്തുന്ന ചര്‍ച്ചകള്‍ തുടരാനാണ് തീരുമാനം. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍, പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍, തുര്‍ക്കി ഇന്റലിജന്‍സ് മേധാവി ഇബ്രാഹിം കാലിന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം, ആണവായുധങ്ങള്‍ സ്വന്തമാക്കുന്നതിനെതിരെ, യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് ഇറാന് വീണ്ടും മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ഹോര്‍മുസ് കടലിടുക്കില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ഇതിനിടെ, സൗദിയില്‍ അക്രമണങ്ങള്‍ നടത്തുമെന്ന് ഹൂത്തികള്‍ അവകാശപ്പെട്ടു. യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന, വീണ്ടും ശക്തമായ ആക്രമണം നടത്തി. അതേസമയം, ചൊവ്വാഴ്ച ഇസ്രായേലില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍, ഇറാനും സഖ്യകക്ഷികളും ആക്രമണത്തിന് ശ്രമിച്ചേക്കാമെന്ന് ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
ഇറാന്-യുഎസ് സമാധാനം ലക്ഷ്യമിട്ട് വീണ്ടും ഇറാനില്‍ ചര്‍ച്ച; പങ്കെടുത്തത് സൗദി, പാകിസ്ഥാന്‍, തുര്‍ക്കി രാജ്യ പ്രതിനിധികൾ