ന്യൂഡൽഹി: രാജ്യത്ത് ഒരാൾക്ക് കൈവശം വയ്ക്കാവുന്ന സിം കാർഡുകളുടെ എണ്ണത്തിൽ നിയന്ത്രണം കൂടുതൽ കർശനമാക്കാൻ കേന്ദ്രസർക്കാർ. നിലവിലുള്ള പരിധിക്ക് മുകളിൽ സിം കാർഡുകൾ കൈവശമുള്ളവർക്ക് പുതിയ മൊബൈൽ കണക്ഷൻ അനുവദിക്കുന്നത് തടയാൻ ടെലികോം ഓപ്പറേറ്റർമാർക്ക് ടെലികോം വകുപ്പ് നിർദേശം നൽകി. പുതിയ നടപടികൾ ഓഗസ്റ്റ് 24 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
നിലവിലെ ചട്ടപ്രകാരം ഒരാൾക്ക് പരമാവധി 9 സിം കാർഡുകൾ വരെ ഉപയോഗിക്കാം. എന്നാൽ ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ പരിധി 6 സിം കാർഡുകളാണ്.
സിം കാർഡുകളുടെ എണ്ണവുമായി ബന്ധപ്പെട്ട നിയന്ത്രണം പുതിയതല്ലെങ്കിലും, നിലവിലുള്ള ചട്ടം കൂടുതൽ കർശനമായി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ഇനി പുതിയ മൊബൈൽ കണക്ഷനായി അപേക്ഷിക്കുമ്പോൾ ഉപഭോക്താവിന്റെ പേരിൽ നിലവിൽ എത്ര സിം കാർഡുകളുണ്ടെന്ന് ടെലികോം കമ്പനികൾ പരിശോധിക്കും.
ഇതിനായി ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം (DIP) വഴി ഉപഭോക്താവിന്റെ നിലവിലുള്ള മൊബൈൽ കണക്ഷനുകളുടെ വിവരങ്ങൾ പരിശോധിക്കും. പുതിയ കണക്ഷനായി അപേക്ഷിക്കുമ്പോൾ, സ്വന്തം പേരിൽ നിലവിലുള്ള മറ്റ് കണക്ഷനുകളുടെ വിവരങ്ങളും ഉപഭോക്താവ് അപേക്ഷയിൽ വ്യക്തമാക്കേണ്ടിവരും.
അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ സിം കാർഡുകൾ ഒരാളുടെ പേരിലുണ്ടെന്ന് കണ്ടെത്തിയാൽ പുതിയ കണക്ഷൻ അനുവദിക്കില്ല. പരിശോധനയിൽ വീഴ്ച സംഭവിച്ച് പരിധിക്ക് മുകളിൽ പുതിയ സിം അനുവദിക്കപ്പെട്ടാൽ, അത് ഒരു ദിവസത്തേക്ക് താൽക്കാലികമായി സസ്‌പെൻഡ് ചെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.പുതിയ സംവിധാനം പൂർണമായി നടപ്പാക്കുന്നതിനായി ടെലികോം കമ്പനികൾക്ക് നവംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മൊബൈൽ കണക്ഷനുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമാണ് സിം കാർഡ് പരിധി കർശനമായി നടപ്പാക്കുന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഒരാളുടെ പേരിൽ അനധികൃതമായി നിരവധി മൊബൈൽ കണക്ഷനുകൾ സ്വന്തമാക്കുന്നതും അവ ദുരുപയോഗം ചെയ്യുന്നതും തടയുകയാണ് പുതിയ നടപടിയുടെ പ്രധാന ലക്ഷ്യം.