ന്യൂഡൽഹി: രാജ്യത്ത് 100 ശതമാനം എഥനോളിൽ (ഇ100) പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ഔദ്യോഗിക അനുമതി നൽകി കേന്ദ്ര സർക്കാർ. ഇതിനായി കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും വായു മലിനീകരണം ഗണ്യമായി തടയാനും ലക്ഷ്യമിട്ടാണ് ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്ക് സർക്കാർ കൂടുതൽ പ്രോത്സാഹനം നൽകുന്നത്.
വാഹനങ്ങളുടെ മലിനീകരണ മാനദണ്ഡങ്ങൾ, ഇന്ധന സവിശേഷതകൾ, ടെസ്റ്റിങ് പ്രക്രിയകൾ എന്നിവ ഉൾക്കൊള്ളുന്ന 1989-ലെ ചട്ടങ്ങളിലാണ് റോഡ് ഗതാഗത മന്ത്രാലയം മാറ്റങ്ങൾ വരുത്തിയത്. ഇ85 ഇന്ധനത്തിനൊപ്പം ഇ100 ഇന്ധനവും പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വാഹനങ്ങളുടെ മൊത്തത്തിലുള്ള ഭാരപരിധി 3,000 കിലോഗ്രാമിൽ നിന്ന് 3,500 കിലോഗ്രാമായി ഉയർത്തുകയും ചെയ്തു. എന്നാൽ, നിലവിലുള്ള പെട്രോൾ കാറുകളിലോ ഇ20 ഇന്ധനങ്ങളിൽ ഓടുന്ന കാറുകളിലോ ഇ85, ഇ100 ഇന്ധനങ്ങൾ ഉപയോഗിക്കാൻ സാധിക്കില്ലെന്നും, ഉയർന്ന എഥനോൾ മിശ്രിതങ്ങൾക്കായി പ്രത്യേകമായി നിർമ്മിച്ച വാഹനങ്ങളിൽ മാത്രമേ ഇവ ഉപയോഗിക്കാൻ അനുമതിയുള്ളൂ എന്നും മന്ത്രാലയം വ്യക്തമാക്കി.
പുതിയ വിജ്ഞാപനം വന്നതോടെ മാരുതി സുസുക്കി, ടൊയോട്ട, ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ നിർമ്മാതാക്കൾക്ക് ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ വിപണിയിലെത്തിക്കാൻ വഴിതുറക്കും. നിലവിൽ 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും അടങ്ങിയ ഇ20 പെട്രോൾ ഇന്ത്യയിൽ വിജയകരമായി ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ മൊത്തം എഥനോൾ ഉൽപ്പാദന ശേഷി ഏകദേശം 2,000 കോടി ലിറ്ററിലെത്തിയ പശ്ചാത്തലത്തിൽ, ഇ100 ഉപയോഗ അനുമതി ലഭിച്ചത് ഹരിത ഇന്ധനത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന് വേഗം കൂട്ടും.
100% എഥനോളിൽ ഓടുന്ന വാഹനങ്ങൾക്ക് കേന്ദ്ര അനുമതി; മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കി