ന്യൂഡൽഹി: രാജ്യത്ത് റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇനി പുറത്തിറങ്ങുന്ന എല്ലാ പുതിയ കാർ മോഡലുകളിലും ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം (AEBS) നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. 2030 ഒക്ടോബർ ഒന്ന് മുതൽ നിർദേശം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച കരട് നിർദേശത്തിൽ വ്യക്തമാക്കുന്നു. ഇതോടെ 2030 ഒക്ടോബറിന് ശേഷം വിപണിയിലെത്തുന്ന പുതിയ കാറുകളിൽ ഈ സംവിധാനം നിർബന്ധമായും ഉണ്ടായിരിക്കണം.
നിലവിൽ നിരത്തുകളിലുള്ള വാഹനങ്ങൾ 2032 ഒക്ടോബർ ഒന്നിനകം ഈ പുതിയ സംവിധാനത്തിലേക്ക് മാറണമെന്നും കരട് നിർദേശത്തിൽ പറയുന്നു. കാൽനടയാത്രക്കാർ, മറ്റ് വാഹനങ്ങൾ തുടങ്ങിയ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ക്യാമറ അല്ലെങ്കിൽ റഡാർ അധിഷ്ഠിത 'ലെവൽ 2 അഡാസ്' (ADAS) സൗകര്യം നിലവിൽ ചില വാഹനങ്ങളിൽ ലഭ്യമാണ്. തടസ്സങ്ങൾ കണ്ടാൽ ആദ്യം ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുകയും, നടപടിയൊന്നുമെടുത്തില്ലെങ്കിൽ വാഹനം സ്വയം ബ്രേക്ക് ചെയ്യുകയുമാണ് ഈ സാങ്കേതികവിദ്യ ചെയ്യുന്നത്. അപകടങ്ങളുടെ ആഘാതം കുറയ്ക്കാനും കൂട്ടിയിടികൾ ഒഴിവാക്കാനും ഇത് സഹായിക്കും.
കാറുകൾക്ക് പുറമെ മീഡിയം, ഹെവി വാഹനങ്ങളിലും കർശനമായ ബ്രേക്കിംഗ് മാനദണ്ഡങ്ങൾ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. 2027 ഒക്ടോബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതിന്റെ ഭാഗമായി ഭാരവാഹനങ്ങളായ ട്രക്കുകളിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) സംവിധാനം നിർബന്ധമാക്കും.
പുതിയ കാറുകളിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് നിർബന്ധമാക്കുന്നു..