കൂറ്റൻ സ്കോർ ഉയർത്തിയിട്ടും കീഴടങ്ങേണ്ടിവന്നതിന്റെ ആകുലതകളുമായി ഇന്ത്യ വീണ്ടും വിൻഡീസിനെ നേരിടാൻ ഒരുങ്ങുന്നു. ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഞായറാഴ്ച രാത്രി ഏഴുമണിക്ക് ഇന്ദോറിലാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്. നിലവിൽ പരമ്പരയിൽ ഇരുടീമുകളും 1-1 എന്ന നിലയിൽ തുല്യത പാലിക്കുകയാണ്.
കഴിഞ്ഞ മത്സരത്തിൽ 249 റൺസിന്റെ വമ്പൻ സ്കോർ ഉയർത്തിയിട്ടും വിൻഡീസ് അനായാസം ലക്ഷ്യം മറികടന്നത് ഇന്ത്യൻ ടീമിനെ വലിയ രീതിയിൽ ഉലച്ചിട്ടുണ്ട്. ബാറ്റിങ്ങിനെ തുണച്ച പിച്ചാണെങ്കിലും ഇന്ത്യൻ ബൗളർമാർ അമ്പേ പരാജയപ്പെട്ടതാണ് ടീം മാനേജ്മെന്റിനെ ആശങ്കയിലാക്കുന്നത്. ഷായ് ഹോപും സംഘവും ഇന്ത്യൻ ബൗളിങ് നിരയെ തല്ലിത്തകർത്താണ് പരമ്പരയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഓൾറൗണ്ടറായ ശിവം ദുബെയുടെ മോശം ഫോമും ബൗളിങ്ങിന്റെ സന്തുലിതാവസ്ഥ തകർക്കുന്നുണ്ട്. അടുത്ത മത്സരത്തിൽ ബൗളിങ് നിരയിൽ പ്രിൻസ് യാദവിന് അവസരം ലഭിക്കാൻ സാധ്യതയുണ്ട്.
ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് വലിയ പ്രശ്നങ്ങളില്ല. കഴിഞ്ഞ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ മികച്ച ഫോമിലേക്കുയർന്നത് ബാറ്റിങ് നിരയ്ക്ക് വലിയ കരുത്തായിട്ടുണ്ട്. അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ എന്നിവരും അടങ്ങുന്ന ബാറ്റിങ് നിര അതിശക്തമാണ്.
ഏകദിനപരമ്പരയിലെന്നപോലെ ടി20 പരമ്പരയിലും ക്യാപ്റ്റൻ ഷായ് ഹോപ് തകർപ്പൻ ഫോമിലാണ്. 45 പന്തിൽ സെഞ്ചുറി നേടിയാണ് അദ്ദേഹം വിൻഡീസിനെ നയിക്കുന്നത്. ടി20 സ്പെഷ്യലിസ്റ്റുകളായ ഷെർഫാനെ റുഥർഫോർഡും റൊമേരിയോ ഷെപ്പേർഡും ഫോമിലേക്കുയർന്നത് സന്ദർശകർക്ക് ആത്മവിശ്വാസം പകരുമ്പോൾ, ഷിംറോൺ ഹെറ്റ്മെയർ ഇതുവരെ ഫോമിലാകാത്തത് മാത്രമാണ് അവർക്ക് ചെറിയൊരു പ്രതിസന്ധിയായിട്ടുള്ളത്.