വാഷിങ്ടൺ: ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ പടർന്നുപിടിക്കുന്ന ശക്തമായ പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും കാരണം അനിയന്ത്രിതമായ കുടിയേറ്റമാണെന്ന് ആരോപിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"ഫ്രാൻസ് കത്തുകയാണ്. തീർത്തും വ്യത്യസ്തമായ ലോകത്തുനിന്നുള്ളവരും ഹൃദയത്തിൽ വെറുപ്പുള്ളവരുമായ ആളുകളുടെ കുടിയേറ്റം, ഒരിക്കൽ മഹത്തരമായിരുന്ന ഒരു രാജ്യത്തെ തകർത്തിരിക്കുന്നു. കാര്യങ്ങൾ കൈവിട്ടുപോകുന്നതിന് മുന്നേ അതിർത്തികൾ അടയ്ക്കൂ, നിയന്ത്രണം ഏറ്റെടുക്കൂ," എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. ഫ്രാൻസിലെ കലുഷിതമായ സാഹചര്യത്തിന് പിന്നിൽ വിദേശ കുടിയേറ്റമാണെന്നാണ് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസം, തൊഴിൽ സാഹചര്യങ്ങൾ, പൊതുചെലവുകൾ കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങളിലെ ആശങ്കകളെ തുടർന്നാണ് ഫ്രാൻസിൽ ജനകീയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളിൽ നിലവിൽ 5.5 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായാണ് കണക്കുകൾ. പാരീസിൽ മാത്രം 1.1 ലക്ഷം പേർ തെരുവിലിറങ്ങി. പല നഗരങ്ങളിലും കെട്ടിടങ്ങൾ ആക്രമിക്കപ്പെടുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. പാരീസിലെ കടകളും റസ്റ്റോറന്റുകളും കവർച്ച ചെയ്യപ്പെട്ടപ്പോൾ, ബോർഡെക്സിൽ ആപ്പിൾ, ലൂയി വിറ്റൺ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഷോറൂമുകൾ തകർത്ത് വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചു. നേരത്തെ യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഫ്രാൻസിലെ ആക്രമണങ്ങൾക്ക് കാരണം കുടിയേറ്റമാണെന്ന് ആരോപിച്ചിരുന്നു.
'ഫ്രാൻസ് കത്തുകയാണ്; കുടിയേറ്റം രാജ്യത്തെ തകർത്തു': ട്രൂത്ത് സോഷ്യലിൽ കടുത്ത മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്