ദുബായ്: ദുബായ് എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജുമായി പ്രമുഖ പ്രവാസി സംരംഭകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍ രംഗത്ത് വന്നു.
അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ഏഴ് പേരുടെ കുടുംബങ്ങള്‍ക്ക് 26 ലക്ഷം രൂപ വീതവും, രണ്ട് മലയാളികള്‍ ഉള്‍പ്പെടെ പരിക്കേറ്റ ഒന്‍പത് പേരുടെ അടിയന്തര ചികിത്സാ-പുനരധിവാസ ആവശ്യങ്ങള്‍ക്കായി 47 ലക്ഷം രൂപയും നല്‍കും. ഇതിനുപുറമെ, അപകടത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങള്‍ക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 13 ലക്ഷം രൂപയും വകയിരുത്തി.
കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര ആശ്വാസം നല്‍കുന്നതിനൊപ്പം, അവരുടെ കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ സമഗ്ര പാക്കേജ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചെറിയ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് അവരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ കണക്കിലെടുത്ത് പ്രത്യേക പരിഗണന നല്‍കി. അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് സഹായം ഉറപ്പാക്കാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരികയാണെന്ന് ഡോ. ഷംഷീര്‍ വയലില്‍ അറിയിച്ചു.
മുന്‍പ് അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് 6 കോടി രൂപയുടെ സഹായം അദ്ദേഹം കൈമാറിയിരുന്നു.
ദുബായ് വാഹനാപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി കുടുംബങ്ങള്‍ക്ക് 2.6 കോടി രൂപയുടെ പുനരധിവാസ സഹായം