തിരുവനന്തപുരം: കിഫ്ബിയെ (KIIFB) സർക്കാരിന്റെയോ ധനകാര്യ വകുപ്പിന്റെയോ യാതൊരു നിയന്ത്രണവുമില്ലാത്ത പ്രത്യേക സാമ്രാജ്യമാക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. കിഫ്ബി സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കിഫ്ബി പദ്ധതികളെല്ലാം നിലച്ചെന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ പുരോഗമിക്കുന്നതും പുതുതായി അനുവദിച്ചതുമുൾപ്പെടെ 31,761 കോടി രൂപയുടെ പ്രവൃത്തികളാണ് കിഫ്ബി വഴി സർക്കാർ തടസ്സമില്ലാതെ തുടരുന്നതെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കിഫ്ബി വരുത്തിവെച്ച ഭീമമായ കടബാധ്യതയും ധനകാര്യ മാനേജ്‌മെന്റിലെ വീഴ്ചകളും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ഉയർന്ന പലിശ നിരക്കിൽ വായ്പയെടുത്ത് സംസ്ഥാനത്തെ കടക്കെണിയിലാക്കുകയാണ് കഴിഞ്ഞ സർക്കാർ ചെയ്തത്. ആഭ്യന്തര ബോണ്ടുകളേക്കാൾ ഉയർന്ന 9.72% പലിശ നിരക്കിൽ 'മസാല ബോണ്ട്' ഇറക്കിയതിനെ ധനകാര്യ സെക്രട്ടറി ചോദ്യം ചെയ്തിട്ടും അത് കാറ്റിൽപ്പറത്തി വായ്പയെടുത്തു. സർക്കാറിന്റെ കടമെടുപ്പ് പരിധിയിൽ വലിയ കുറവുവരുത്താൻ കിഫ്ബിയുടെ ഈ ബാധ്യതകൾ കാരണമായി. കഴിഞ്ഞ സർക്കാരിന് 48,000 കോടി രൂപ വായ്പ എടുക്കാൻ കഴിഞ്ഞ സ്ഥാനത്ത് ഈ സർക്കാരിന് 3,700 കോടി രൂപ മാത്രമേ വായ്പയെടുക്കാൻ സാധിക്കുന്നുള്ളൂവെന്നും ഇത് കിഫ്ബി വരുത്തിവെച്ച ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഫ്ബിയെക്കുറിച്ചുള്ള വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കണ്ണൂരിൽ വ്യാവസായിക ആവശ്യത്തിനായി 12% പലിശനിരക്കിൽ 12,000 കോടി രൂപ മുടക്കി ഏറ്റെടുത്ത ഭൂരിഭാഗം സ്ഥലങ്ങളും വൻതോതിൽ ക്വാറിയിംഗ് നടത്തി മണ്ണും ചെളിയും കൊണ്ട് മൂടിയവയാണെന്ന് ഹൈക്കോടതി സമിതി കണ്ടെത്തുകയുണ്ടായി. ഈ ഭൂമി ഈടായി നൽകി വായ്പയെടുക്കാൻ ശ്രമിച്ചപ്പോൾ അതിന്റെ യഥാർത്ഥ വിലയുടെ അഞ്ചിലൊന്നുപോലും നൽകാൻ ബാങ്കുകൾ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട്ടെ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഹോസ്പിറ്റൽ പദ്ധതിയുടെ ഭരണം കൈക്കലാക്കിയെന്ന ആരോപണത്തെയും മുഖ്യമന്ത്രി തിരുത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും കിഫ്ബി അനുമതി നൽകിയതും സെപ്റ്റംബർ 28-ന് വർക്ക് ഓർഡർ നൽകിയതും ഈ സർക്കാർ വന്ന ശേഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്ലാൻ ഫണ്ട് 30,000 കോടിയായി വെട്ടിക്കുറയ്‌ക്കേണ്ടി വന്നതിനും പട്ടികജാതി-പട്ടികവർഗ്ഗ ഫണ്ടുകൾ ബാധിക്കപ്പെട്ടതിനും കിഫ്ബി വരുത്തിവെച്ച തകർച്ചയാണ് കാരണമെന്ന് പറഞ്ഞ മുഖ്യമന്ത്രി, കിഫ്ബിയെ ഇനി ധനകാര്യ വകുപ്പിന്റെയും സർക്കാരിന്റെയും കർശന നിയന്ത്രണത്തിലാക്കുമെന്നും സഭയിൽ ഉറപ്പുനൽകി.
'കിഫ്ബിയെ പ്രത്യേക സാമ്രാജ്യമാക്കാൻ അനുവദിക്കില്ല, സർക്കാരിന്റെ നിയന്ത്രണത്തിലാക്കും': നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ