തിരുവനന്തപുരം: സംസ്ഥാനത്തെ എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നാളെ നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാക്കും. ശമ്പള വർദ്ധനവ് നിലവിൽ വരുന്നതോടെ എം.എൽ.എമാരുടെ പ്രതിമാസ ശമ്പളം 98,000 രൂപയായും മന്ത്രിമാരുടേത് 1.33 ലക്ഷം രൂപയായും ഉയരും. ശമ്പള പരിഷ്കരണത്തെക്കുറിച്ച് പഠിച്ച് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ പരിഗണിച്ചാണ് ഈ തീരുമാനം.
വിലക്കയറ്റവും പെട്രോൾ ചിലവുകളും വർദ്ധിച്ച സാഹചര്യത്തിൽ ശമ്പള വർദ്ധനവ് അത്യന്താപേക്ഷിതമാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. 2018-ലാണ് സംസ്ഥാനത്ത് ജനപ്രതിനിധികളുടെ ശമ്പളം അവസാനമായി വർദ്ധിപ്പിച്ചത്. പഠന റിപ്പോർട്ട് പ്രകാരം നിലവിലെ ആനുകൂല്യങ്ങളിൽ 35 ശതമാനം വരെ വർദ്ധനവാണ് ശുപാർശ ചെയ്തിട്ടുള്ളത്. അടിസ്ഥാന ശമ്പളത്തിന് പുറമെ സിറ്റിംഗ് ഫീസ്, ചികിത്സാ പരിധി, ടെലഫോൺ ചാർജ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളിലും ആനുപാതികമായ വർദ്ധനവുണ്ടാകും.
നിലവിൽ ഒരു എം.എൽ.എയ്ക്ക് പ്രതിമാസ നിശ്ചിത അലവൻസ് (₹2,000), മണ്ഡലം അലവൻസ് (₹25,000), ടെലിഫോൺ അലവൻസ് (₹11,000), ഇൻഫർമേഷൻ അലവൻസ് (₹4,000), മിനിമം യാത്രാക്കൂലി (₹20,000), മറ്റ് ചിലവുകൾക്ക് (₹8,000) എന്നിവ ഉൾപ്പെടെയാണ് പ്രതിമാസ വരുമാനം ലഭിക്കുന്നത്. ഇതിനുപുറമേ കി.മീറ്ററിന് 10 രൂപ നിരക്കിലുള്ള അധിക യാത്രാബത്ത, പ്രതിവർഷം 4 ലക്ഷം രൂപയുടെ റെയിൽവേ കൂപ്പൺ, ദിനബത്ത (സംസ്ഥാനത്തിനുള്ളിൽ ₹1,000, പുറത്ത് ₹1,200), സൗജന്യ ചികിത്സ, കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര, 10 ലക്ഷം രൂപയുടെ പലിശരഹിത വാഹന വായ്പ, 20 ലക്ഷം രൂപയുടെ കുറഞ്ഞ പലിശ നിരക്കിലുള്ള ഭവന വായ്പ, ₹15,000 ബുക്ക് അലവൻസ് എന്നിവയും എം.എൽ.എമാർക്ക് ലഭിക്കുന്നുണ്ട്. സർവീസ് കാലാവധിക്കനുസരിച്ച് ₹8,000 മുതൽ ₹20,000 വരെയാണ് മുൻ എം.എൽ.എമാരുടെ പെൻഷൻ.
മന്ത്രിമാർക്ക് നിലവിൽ അടിസ്ഥാന ശമ്പളം (₹2,000), ക്ഷാമബത്ത (₹28,429), മണ്ഡലം അലവൻസ് (₹40,000), യാത്രാബത്ത (₹17,000) എന്നിവയാണ് ലഭിക്കുന്നത്. കൂടാതെ സകുടുംബം സൗജന്യ പൂർണ്ണ ചികിത്സാ പരിരക്ഷ, ഔദ്യോഗിക വസതി, കാർ, പൈലറ്റ് വാഹനം, വാഹന അഡ്വാൻസ് (₹10 ലക്ഷം), ഭവന അഡ്വാൻസ് (₹20 ലക്ഷം) എന്നീ ആനുകൂല്യങ്ങളും മന്ത്രിമാർക്ക് ലഭ്യമാണ്.
എം.എൽ.എമാർക്കും മന്ത്രിമാർക്കും ശമ്പളം വർധിപ്പിക്കാൻ മന്ത്രിസഭാ അംഗീകാരം; ബില്ല് നിയമസഭ നാളെ പാസാക്കും