തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ. കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുത്ത നടപടികളിൽ വീഴ്ച സംഭവിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ധനകാര്യ, റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെ വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന വിജിലൻസിനെ ചുമതലപ്പെടുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
സാമൂഹിക ക്ഷേമവും അതിക്രമങ്ങൾക്ക് ഇരയായവർക്കുള്ള പിന്തുണയും ഉറപ്പാക്കുന്ന നടപടികളും മന്ത്രിസഭ പ്രഖ്യാപിച്ചു. പാലക്കാട് നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെ മകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകാനും ഇളയ മകൾ അഖിലയ്ക്ക് ഉപരിപഠനത്തിനായി പ്രത്യേക ധനസഹായം അനുവദിക്കാനും തീരുമാനമായി. കൂടാതെ, പട്ടികജാതി, പട്ടികവർഗ്ഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ ധനസഹായ തുക ഉയർത്തി ഭരണാനുമതി നൽകി. പട്ടികജാതി കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള തുക നാല് ലക്ഷത്തിൽ നിന്ന് 6 ലക്ഷമായും പട്ടികവർഗ്ഗ വിഭാഗത്തിന്റേത് 6 ലക്ഷത്തിൽ നിന്ന് 8 ലക്ഷമായും ഉയർത്തിയിട്ടുണ്ട്.
പോലീസ് സേനയിലെ പുനഃസംഘടനയിലും നിയമനങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പൊലീസിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനായി കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള പുരുഷ-വനിതാ നിയമന അനുപാതം 9:1 എന്നതിൽ നിന്ന് 7:3 ആയി ഉയർത്തി. കൂടാതെ, പോലീസ് വകുപ്പിൽ പുനർവിന്യസിച്ച 86 എസ്.ഐ തസ്തികകളിൽ 48 ഒഴിവുകൾ പി.എസ്.സിക്ക് സ്ഥിരം ഒഴിവുകളായി റിപ്പോർട്ട് ചെയ്യാനും ധാരണയായി. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇന്ത്യയ്ക്കായി രണ്ട് വെള്ളി മെഡലുകൾ നേടിയ വിഭർഷ കെ. വിനോദിന് സർക്കാർ ജോലി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗ (OBC) പട്ടികയിൽ മാറ്റങ്ങൾ വരുത്തുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. പിന്നാക്ക വിഭാഗ കമ്മീഷന്റെ നിർദ്ദേശപ്രകാരം, 1958-ലെ കെ.എസ് & എസ്.എസ്.ആർ (KSSR) പാർട്ട് 1 ഷെഡ്യൂൾ ലിസ്റ്റ് 3-ലെ എന്ട്രി 55-ൽ 'പട്ടാരിയ' (Pattariya) വിഭാഗത്തെയും എന്ട്രി 62-ൽ 'ശാലിയ' (Saliya) വിഭാഗത്തെയും കൂട്ടിച്ചേർക്കും. ഒപ്പം, മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ബില്ലിനും യോഗം അംഗീകാരം നൽകി.
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കിഫ്ബി കണ്ണൂർ ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം; പൊലീസിൽ വനിതാ സംവരണം 30 ശതമാനമാക്കി