Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രണ്ടുതവണ വിഷം കുത്തിവച്ചിട്ടും മരിച്ചില്ല; വധശിക്ഷയെ അതിജീവിച്ച ക്രിസ്റ്റ പൈക്ക്; കൊടുംകുറ്റവാളിയുടെ അത്ഭുത മടങ്ങിവരവ്

രണ്ടുതവണ വിഷം കുത്തിവച്ചിട്ടും മരിച്ചില്ല; വധശിക്ഷയെ അതിജീവിച്ച ക്രിസ്റ്റ പൈക്ക്; കൊടുംകുറ്റവാളിയുടെ അത്ഭുത മടങ്ങിവരവ്

നാഷ്വില്‍: മാരകമായ വിഷസൂചി പ്രയോഗിച്ചുള്ള വധശിക്ഷയെ അതിജീവിച്ച് ലോകത്തെ ഞെട്ടിച്ച അമേരിക്കന്‍ തടവുകാരി ക്രിസ്റ്റ പൈക്ക് (50) ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ഗുരുതരാവസ്ഥ തരണം ചെയ്ത ഇവര്‍ ഇപ്പോള്‍ നടക്കാനും സ്വയം ഭക്ഷണം കഴിക്കാനും തുടങ്ങിയതായി അഭിഭാഷകര്‍ അറിയിച്ചു.

1995-ല്‍ സഹപാഠിയായ കോളീന്‍ സ്ലെമ്മറെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് യു.എസ് കോടതി വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് സെപ്റ്റംബര്‍ 30-ന് ടെന്നസിയിലെ ജയിലില്‍ വെച്ച് ഇവരുടെ ശിക്ഷ നടപ്പാക്കാന്‍ 'പെന്റോബാര്‍ബിറ്റല്‍' (Pentobarbital) എന്ന മാരക മരുന്ന് രണ്ട് തവണ ശരീരത്തിലേക്ക് കുത്തിവെച്ചെങ്കിലും ക്രിസ്റ്റ മരണത്തിന് കീഴടങ്ങിയില്ല. തുടര്‍ന്നാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ വെന്റിലേറ്ററില്‍ ബോധരഹിതയായി കിടന്ന ക്രിസ്റ്റ ചൊവ്വാഴ്ചയോടെ ബോധം വീണ്ടെടുക്കുകയായിരുന്നു.   

നിലവില്‍ സഹായത്തോടെ നടക്കാനും കൈകള്‍ ചലിപ്പിക്കാനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ക്രിസ്റ്റയുടെ ആരോഗ്യാവസ്ഥയിലെ പുരോഗതി അത്ഭുതപ്പെടുത്തുന്നതാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി അഭിഭാഷകര്‍ പ്രസ്താവനയില്‍ പറഞ്ഞു. ബോധം വീണ്ടെടുത്ത സമയത്ത് ആശയക്കുഴപ്പത്തിലായിരുന്നെങ്കിലും നിലവില്‍ ആരോഗ്യനിലയില്‍ മാറ്റമുണ്ട്. എങ്കിലും ഓര്‍മ്മശക്തിയെയും ഏകാഗ്രതയെയും ഇത് ബാധിച്ചിട്ടുണ്ട്.

യു.എസിന്റെ ചരിത്രത്തില്‍ തന്നെ വിഷസൂചി പ്രയോഗിച്ചുള്ള വധശിക്ഷ അതിജീവിക്കുന്ന അപൂര്‍വ്വ സംഭവമായതിനാല്‍ ഭാവി നടപടികളെക്കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. മരണമുഖത്തുനിന്നും തിരിച്ചെത്തിയ ക്രിസ്റ്റ കടുത്ത മാനസിക ആഘാതത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍ ഇനിയൊരു വധശിക്ഷാ ശ്രമത്തിന് ഇവരെ വിധേയയാക്കരുതെന്നും, ഗവര്‍ണര്‍ ബില്‍ ലീയോട് വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തുനല്‍കാന്‍ അഭ്യര്‍ത്ഥിക്കുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് ടെന്നസിയില്‍ ഈ വര്‍ഷം നിശ്ചയിച്ചിരുന്ന മറ്റ് വധശിക്ഷകള്‍ ഗവര്‍ണര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന ജയില്‍ മേധാവി രാജിവെക്കുകയും ചെയ്തിട്ടുണ്ട്.

സംഭവം ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ ഈ ഞെട്ടിക്കുന്ന സംഭവത്തിന് പിന്നില്‍ 1995-ല്‍ അമേരിക്കയിലെ ടെന്നസിയില്‍ നടന്ന ദാരുണമായ ഒരു കൊലപാതകത്തിന്റെ കഥയുണ്ട്. അന്ന് വെറും 18 വയസ് മാത്രം പ്രായമുണ്ടായിരുന്ന ക്രിസ്റ്റ പൈക്ക്, തന്റെ കാമുകനായ ടാഡ് മാര്‍ട്ടിന്‍, സുഹൃത്ത് കോളീന്‍ ചീസ്മാന്‍ എന്നിവരു ചേര്‍ന്ന് സഹപാഠിയായ 19 കാരി കോളീന്‍ സ്ലെമ്മറെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. അക്കാലത്ത് ജോബ് കോര്‍പ്‌സ് എന്ന പരിശീലന പരിപാടിയില്‍ ഒരുമിച്ച് പഠിച്ചിരുന്നവരാണ് ഇവര്‍. തന്നോട് അസൂയയുണ്ടെന്നും തന്റെ കാമുകനുമായി അടുപ്പമുണ്ടെന്നുമുള്ള തെറ്റായ സംശയത്തിന്റെ പുറത്താണ് ക്രിസ്റ്റയും സംഘവും ചേര്‍ന്ന് കോളീനെ വനമേഖലയിലേക്ക് വിളിച്ചുവരുത്തി മണിക്കൂറുകളോളം പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കോളീന്റെ തലയോട്ടി തുരന്ന് എടുത്ത ക്രിസ്റ്റ അത് ഒരു ട്രോഫിയെന്നോണം കൈവശം വെക്കുകയും സുഹൃത്തുക്കള്‍ക്കിടയില്‍ കാട്ടിക്കൊടുക്കുകയും ചെയ്തത് അമേരിക്കന്‍ സമൂഹത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു.

ഈ കേസില്‍ 1996-ല്‍ കോടതി ക്രിസ്റ്റ പൈക്കിന് വധശിക്ഷ വിധിച്ചു. അമേരിക്കയിലെ ചരിത്രത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതകളില്‍ ഒരാളാണ് അവര്‍. ടെന്നസിയിലെ തോണെടണ്‍ പ്രിസണില്‍ 30 വര്‍ഷത്തോളം തടവുജീവിതം അനുഭവിച്ച ശേഷമാണ് സെപ്റ്റംബര്‍ 30-ന് വിഷസൂചി പ്രയോഗിച്ചുള്ള വധശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മരുന്നിന്റെ അളവിലോ നല്‍കിയ രീതിയിലോ ഉള്ള പിഴവുകള്‍ കാരണം ആ മാരക വിഷം പൈക്കിന്റെ ജീവനെടുക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. യു.എസിന്റെ ചരിത്രത്തില്‍ തന്നെ ലെതല്‍ ഇന്‍ജക്ഷന്‍ (Lethal injection) അതിജീവിച്ച ഒരേയൊരു വ്യക്തിയായി ക്രിസ്റ്റ പൈക്ക് മാറിയത് അങ്ങനെയാണ്.

ഈ സംഭവം അമേരിക്കന്‍ ജയില്‍ സംവിധാനത്തിലെ സുതാര്യതയ്ക്കും വധശിക്ഷാ രീതികള്‍ക്കും എതിരെ വലിയ ചര്‍ച്ചകള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഇപ്പോള്‍ വഴിവെച്ചിരിക്കുകയാണ്.

Related articles

See all
Popular News

യു.എസ് മറുപടി അപര്യാപ്തം: 7 നിബന്ധനകളില്‍ ഉറച്ച് ഇറാന്‍; ഹോര്‍മുസ് അടഞ്ഞുതന്നെ കിടക്കും

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Popular News

ഫ്ലൈദുബായ് വിമാനത്തിലെ വൻദുരന്തം ഒഴിവാക്കി; ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛറിന് ഇസ്...

Popular News

'എട്ട് യുദ്ധങ്ങൾ പരിഹരിച്ച എനിക്ക് നോബൽ നൽകിയില്ലെങ്കിൽ അത് കമ്മറ്റിയുടെ കളങ്കം'; പുരസ്കാര...

Save your stories

Sign in