സിബിഎസ്‍ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത്തവണ 85.20 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് സിബിഎസ്‍ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, cbseresults.nic.in എന്നിവ വഴി ഫലം അറിയാൻ സാധിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്; കഴിഞ്ഞ തവണ 87.98 ശതമാനമായിരുന്നു വിജയമെങ്കിൽ ഇക്കുറി അത് 85.20 ശതമാനമായി താഴ്ന്നു.
പതിവുപോലെ ആൺകുട്ടികളേക്കാൾ മികച്ച പ്രകടനമാണ് പെൺകുട്ടികൾ കാഴ്ചവെച്ചത്. 88.86 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 82.13 ആണ്. പരീക്ഷയെഴുതിയ ട്രാൻസ്ജെൻഡർ വിഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു എന്നത് ഇത്തവണത്തെ ഫലത്തിന്റെ പ്രത്യേകതയാണ്. പ്രാദേശികാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 95.62 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമതെത്തിയത്. ചെന്നൈ (93.84%), ബെംഗളൂരു (93.19%) എന്നീ മേഖലകൾ തൊട്ടുപിന്നിലുണ്ട്.