കൊച്ചി: ഫെയര്‍നെസ് ക്രീം തുടര്‍ച്ചയായി ഉപയോഗിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സീരിയല്‍ നടി റെനീഷ റഹ്‌മാന്‍. താനും ഈ ക്രീം ഉപയോഗിച്ചിരുന്ന ആളാണെന്നും വാര്‍ത്ത കണ്ടപ്പോള്‍ വലിയ ഞെട്ടലാണ് ഉണ്ടായതെന്നും റെനീഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയിലൂടെ വ്യക്തമാക്കി.
ഒരു വര്‍ഷം മുന്‍പ് മാര്‍ച്ച്-ഏപ്രില്‍ സമയത്താണ് താന്‍ ഈ ഫെയ്‌സ് ക്രീം പ്രൊമോട്ട് ചെയ്തതെന്ന് റെനീഷ പറഞ്ഞു. 'അതേ ക്രീം ഉപയോഗിച്ച ഒരു കുട്ടി ആശുപത്രിയിലായി എന്ന വാര്‍ത്ത കണ്ടപ്പോള്‍ നിങ്ങളേക്കാള്‍ ഞെട്ടിയത് ഞാനാണ്. ഉപയോഗിച്ചയാളെന്ന നിലയിലും പ്രൊമോട്ട് ചെയ്തയാളെന്ന നിലയിലും വലിയ ഞെട്ടലുണ്ടായി. ആ കുട്ടി ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരികെ വരട്ടെയെന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു,' റെനീഷ പറഞ്ഞു.
ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് നോക്കാതെയാണ് പ്രൊമോഷന്‍ ചെയ്യുന്നതെന്ന വിമര്‍ശനങ്ങളോട് റെനീഷ വിയോജിച്ചു. നീന്തല്‍ ക്ലാസില്‍ പോയി ടാന്‍ വന്ന സമയത്താണ് ക്രീം ഉപയോഗിച്ചു നോക്കിയത്. സെന്‍സിറ്റീവ് സ്‌കിന്നാണെങ്കിലും 14-15 ദിവസത്തിലധികം ഉപയോഗിച്ചപ്പോള്‍ ടാന്‍ മാറുകയും യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാകാതിരിക്കുകയും ചെയ്തതോടെയാണ് ആത്മവിശ്വാസത്തോടെ വിഡിയോ ചെയ്തതെന്ന് അവര്‍ വ്യക്തമാക്കി. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ആളല്ലെന്നും സാമൂഹിക ഉത്തരവാദിത്വത്തോടെയാണ് കാര്യങ്ങള്‍ സമീപിക്കുന്നതെന്നും റെനീഷ കൂട്ടിച്ചേര്‍ത്തു.
ഓരോരുത്തരുടെയും ചര്‍മ്മത്തിന്റെ സ്വഭാവവും ആരോഗ്യസ്ഥിതിയും വ്യത്യസ്തമായിരിക്കും. അതിനാല്‍ സോഷ്യല്‍ മീഡിയയിലെ റിവ്യൂകള്‍ കണ്ട് ഉല്‍പ്പന്നങ്ങളോ ഭക്ഷണസാധനങ്ങളോ ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറുടെയോ ഡെര്‍മറ്റോളജിസ്റ്റിന്റെയോ ഉപദേശം തേടണമെന്ന് റെനീഷ അഭ്യര്‍ഥിച്ചു.
ഇത് തനിക്ക് കിട്ടിയ വലിയൊരു പാഠമാണെന്നും, ഇനി മുതല്‍ ചര്‍മ്മസംരക്ഷണ-ആരോഗ്യ ഉല്‍പ്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യുമ്പോള്‍ അതിന്റെ ഗുണദോഷങ്ങള്‍ കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രമേ മുന്നോട്ട് പോകൂ എന്നും അവര്‍ വ്യക്തമാക്കി. പാര്‍ശ്വഫലങ്ങളുള്ള ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്താതിരിക്കട്ടെയെന്നും എല്ലാ ഇന്‍ഫ്‌ലുവന്‍സര്‍മാരും കൂടുതല്‍ ശ്രദ്ധാലുക്കളാകണമെന്നും റെനീഷ വിഡിയോയില്‍ പറഞ്ഞു.
താനും ക്രീം ഉപയോഗിച്ചിരുന്നു; വാര്‍ത്ത ഞെട്ടലുണ്ടാക്കി: ഫെയര്‍നെസ് ക്രീം വിവാദത്തില്‍ നടി റെനീഷ റഹ്മാൻ