തിരുവനന്തപുരം: പാങ്ങപ്പാറയില്‍ പതിനേഴുകാരനായ അഭിറാം കൊല്ലപ്പെട്ട കേസില്‍ കൊലപാതകത്തിന്റെ ആസൂത്രണം സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ കണ്ടെടുത്ത് പോലീസ്. പ്രതികളുടെ സോഷ്യല്‍ മീഡിയ ചാറ്റുകളില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. രണ്ടാം പ്രതി അനന്തയ്ക്കും നാലാം പ്രതി ഉമറിന്റെ പെണ്‍ സുഹൃത്തിനും കൊലപാതക വിവരം അറിയാമായിരുന്നുവെന്നും പൊലീസ്.
പ്രതികള്‍ പൂര്‍ണ്ണമായി ഡിലീറ്റ് ചെയ്യാതിരുന്ന ചാറ്റുകളാണ് അന്വേഷണ സംഘം വീണ്ടെടുത്തത്. എന്നാല്‍ മറ്റു ചില വിവരങ്ങള്‍ പ്രതികള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും, ഇവ വീണ്ടെടുക്കുന്നതിനായി നാല് പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് അറിയിച്ചു.
നിലവില്‍ തെളിവ് ശേഖരണത്തില്‍ പ്രതികളുടെ മൊഴികളിലെ വൈരുധ്യം പോലീസിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. കേസിലെ നിര്‍ണായക തെളിവായ അഭിറാമിന്റെ മൊബൈല്‍ ഫോണ്‍ എവിടെയെന്ന കാര്യത്തിലും, കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബെല്‍റ്റിന്റെ കാര്യത്തിലും ഒന്നും രണ്ടും പ്രതികള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയിട്ടുള്ളത്. തുടര്‍ന്ന്, ഒന്നാം പ്രതിയായ പതിനേഴുകാരനെയും രണ്ടാം പ്രതി ഉമറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കൊല്ലപ്പെട്ട അഭിറാമിന്റെ മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, വാച്ച് എന്നിവ കണ്ടെത്താനായി കൊലപാതകം നടന്ന സ്ഥലത്ത് കാടുവെട്ടി തെളിച്ച് വിശദമായ പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
അഭിറാം കൊലക്കേസ്: ആസൂത്രണത്തിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ കണ്ടെത്തി; വിവരം ലഭിച്ചത് പ്രതികളുടെ സോഷ്യല്‍ മീഡിയ ചാറ്റുകളില്‍ നിന്ന്, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്