'റീല്‍സാണോ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്കുള്ള പരിഹാരം?'; പ്രധാനമന്ത്രിയെ പരിഹസിച്ച് സി.ജെ.പി
ന്യൂഡല്‍ഹി: മന്ത്രിമാരോട് ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാനും റീല്‍സുകള്‍ ചെയ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചതിന് പിന്നാലെ രൂക്ഷ പരിഹാസവുമായി സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. രാജ്യത്തെ പിടിച്ചുകുലുക്കിയ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്കും വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ക്കും പ്രധാനമന്ത്രി കണ്ടെത്തിയ പരിഹാരം ഇന്‍സ്റ്റഗ്രാം റീല്‍സ് ആണോ എന്ന് അഭിജീത് ചോദിച്ചു. 'എല്ലാ മന്ത്രിമാരും ഇന്‍സ്റ്റഗ്രാമില്‍ സജീവമാകണം, റീല്‍സുകള്‍ ചെയ്യണം, എക്‌സില്‍ മാത്രം ഒതുങ്ങരുത്; ഇതാണോ രാജ്യത്തെ പ്രധാന പ്രശ്‌നങ്ങള്‍ക്ക് നമ്മുടെ പ്രധാനമന്ത്രി കണ്ടെത്തിയ ഉത്തരം?' - അഭിജീത് ദിപ്‌കെ പരിഹസിച്ചു.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കഴിഞ്ഞ ദിവസം വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 10.2 കോടിയായി ഉയര്‍ന്നിരുന്നു. ഒറ്റദിവസം കൊണ്ട് 10 ലക്ഷം ഫോളോവേഴ്സിന്റെ വര്‍ധനവുണ്ടായ കാര്യം പ്രധാനമന്ത്രി തന്നെയാണ് കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്. പുതിയ തലമുറയുമായി അടുക്കാന്‍ എക്‌സ് പ്ലാറ്റ്ഫോമിനേക്കാള്‍ ഇന്‍സ്റ്റഗ്രാം റീല്‍സുകളും തത്സമയ സംവാദങ്ങളുമാണ് ഫലപ്രദമെന്ന് അദ്ദേഹം മന്ത്രിമാരോടും എം.പിമാരോടും വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രധാനമന്ത്രി വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ പുതിയ വീഡിയോ പങ്കുവെക്കുകയും, തന്റെ മുന്‍ വീഡിയോയോട് പ്രതികരിച്ചതിനും നല്‍കിയ പോസിറ്റീവ് നിര്‍ദേശങ്ങള്‍ക്കും ജനങ്ങള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാന്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അതിവേഗ വിചാരണ ഉറപ്പാക്കുന്ന ബില്‍ അവതരിപ്പിക്കുമെന്ന് വ്യാഴാഴ്ച പങ്കുവെച്ച വീഡിയോയില്‍ മോദി വ്യക്തമാക്കിയെങ്കിലും, വിവാദത്തിലായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജിയെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ല.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.