പെരിയ ഇരട്ടകൊലപാതകം : കണ്ടെടുത്ത ആയുധങ്ങളിലും ദുരൂഹത; 20 മുറിവുകളും തുരുമ്പിച്ച ആയുധങ്ങള്‍ കൊണ്ടുള്ളതോ..?

Jaihind Webdesk
Thursday, February 21, 2019

പെരിയ ഇരട്ടകൊലപാതകത്തിൽ കണ്ടെടുത്ത ആയുധങ്ങളിലും ദുരൂഹത. തുരുമ്പിച്ച ആയുധങ്ങൾക്ക് മുറിവുണ്ടാക്കാൻ കഴിയുമോ എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. ഇനിയുള്ള അന്വേഷണത്തിൽ ഫോറൻസിക് റിപ്പോർട്ടാവും നിർണായകമാകുക.

ശരത് ലാലിന്‍റെ കഴുത്തിൽ 23 സെന്‍റീമീറ്റർ നീളത്തിലുള്ളതടക്കം ദേഹത്താകെ 20 മുറിവുകളുണ്ട്. കൃപേഷിന്‍റെ മൂർത്ഥാവ് 13 സെന്‍റീമീറ്റർ നീളത്തിൽ പിളർന്നു. കൊലയ്ക്ക് ഉപയോഗിച്ചത് നാല് ഇരുമ്പു ദണ്ഡുകളും പിടിയില്ലാത്തതും തുരുമ്പെടുത്തതുമായ വടിവാളുമാണെന്നാണ് പറയുന്നത്. ഇത്രയും ഭീകരമായി മുറിവേൽപ്പിക്കാൻ ഈ ആയുധങ്ങൾ മതിയോ എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. കൊലപാതക ആസൂത്രണം മുതൽ കൃത്യം നിർവഹിക്കുന്നത് വരെ തങ്ങൾ മാത്രമെ പങ്കെടുത്തിട്ടുള്ളൂവെന്നാണ് കസ്റ്റഡിയില്‍ ഉള്ളവർ ആവർത്തിക്കുന്നത്.

ഇരുമ്പ് വടികൊണ്ട് അടിച്ച് വീഴ്ത്തിയതും പിന്നീട് വെട്ടിയതും താനാണെന്ന് മുഖ്യ പ്രതി പീതാംബരൻ പറയുന്നു. കൃത്യം നടന്ന സ്ഥലത്ത് നിന്നും അൽപം അകലെയുള്ള പൊട്ടകിണറ്റിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. കൊലപാതകം നടന്ന് രണ്ട് ദിവസത്തിനകമാണ് വെള്ളമില്ലാത്ത കിണറിൽ നിന്ന് തുരുമ്പെടുത്ത വടിവാൾ കണ്ടെത്തുന്നത്.

രണ്ട് പേരെ ഒരേ ഇടത്ത് ഒരേ സമയം മാരകമായി കൊലപ്പെടുത്താൻ നാല് ഇരുമ്പ് ദണ്ഡുകളും ഒരു തുരുമ്പെടുത്ത വാളും മതിയോ എന്ന ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. വാടകക്കൊലയാളികൾ ആക്രമിക്കുന്ന അതേ രീതിയിലാണ് ഇരുവരെയും കൊലപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം തുരുമ്പിച്ച ആയുധങ്ങളുപയോഗിച്ച് എങ്ങനെ ഇത്തരത്തിൽ കൊലപാതകം നടത്തുമെന്നുൾപ്പെടെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഏതായാലും ആയുധത്തിലെ രക്തക്കറ അടക്കമുള്ള ഫോറൻസിക് റിപ്പോർട്ടാവും അന്വേഷണത്തിൽ ഇനി നിർണായകമാകുക.