പെരിയ ഇരട്ടക്കൊലപ്പാതകം : എട്ടാം പ്രതി സുബീഷ് പിടിയില്‍

Jaihind Webdesk
Thursday, May 16, 2019

പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാം പ്രതി പിടിയിൽ. വിദേശത്തേക്ക് കടന്ന പാക്കം സ്വദേശി സുബീഷാണ് പിടിയിലായത്. മംഗലാപുരം വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ പിടിയിലായതോടു കൂടി കേസിൽ മൊത്തം പതിനാല് പ്രതികൾ പിടിയിലായിട്ടുണ്ട്.

പുലർച്ചെ രണ്ടരയോടെയായിരുന്നു അറസ്റ്റ്. പ്രതിയെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.  2019 ഫെബ്രുവരി പതിനേഴിനാണ് കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും, ശരത് ലാലിനേയും സിപിഎം മുൻ ബ്രാഞ്ച് കമ്മറ്റി അംഗം പീതാംബരന്‍റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠനേയും, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണനേയും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോൾ സുബീഷ് വിദേശത്തേക്ക് കടന്നിരുന്നു. ഇയാളുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം ഷാർജയിലേയ്ക്ക് കടന്ന സുബീഷിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം നടത്തിയിരുന്നു. ശ്രമം വിഫലമായതോടെ ഇന്‍റർപോളിന്‍റെ സഹായം തേടിയിരുന്നുവെന്നും ഇതിനിടെയാണ് ഇയാള്‍ നാട്ടില്‍ എത്തിയതെന്നുമാണ് റിപ്പോര്‍ട്ട്.

അതേസമയം,   അന്വേഷണം സിബിഐയ്ക്ക് വിടാതിരിക്കാനുള്ള സിപിഎം ശ്രമത്തിന്‍റെ ഭാഗമായി ഇയാളെ പാര്‍ട്ടി തന്നെ നാട്ടില്‍ എത്തിയ്ക്കുകയായിരുന്നുവെന്നും അഭ്യൂഹങ്ങളുണ്ട്. കേസ് അന്വേഷണത്തില്‍ സിപിഎം നേതൃത്വവുമായി ക്രൈംബ്രാഞ്ച് ഒത്തുകളിക്കുകയാണെന്നും കേസ് സിബിഐക്ക് കൈമാറാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സിപിഎം നേതാക്കളുടെ അറസ്റ്റെന്നും ഏരിയ സെക്രട്ടറിയുടെ അറസ്റ്റോടെ സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്‍റെ പങ്ക് വ്യക്തമായെന്നും കഴിഞ്ഞ ദിവസം കുടുംബാംഗങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.