പെരിയ ഇരട്ടകൊലപാതകം : കെ.കുഞ്ഞിരാമനടക്കം 4 സിപിഎം നേതാക്കളുടെ മൊഴിയെടുത്തു

Jaihind Webdesk
Monday, May 6, 2019

പെരിയ ഇരട്ടകൊലപാതകത്തിൽ നടപടിയാരംഭിച്ച് ക്രൈംബ്രാഞ്ച്.  ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനടക്കം നാല് പേരുടെ മൊഴിയെടുത്തു. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫ, ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ എന്നിവരുടെയും മൊഴി രേഖപ്പെടുത്തി.  അതേസമയം സിബിഐ അന്വേഷണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് യുഡിഎഫ് .

ഫെബ്രുവരി 17ന് രാത്രിയിലാണ് സിപിഎം ഗുണ്ടകളുടെ പൈശാചികമായ അക്രമത്തിനിരയായി കൃപേഷും ശരത്തും മരണത്തിന് കീഴടങ്ങിയത്. കൃപേഷ് സംഭവസ്ഥലത്തും ശരത് ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.

കൊലപാതകത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടിതിയുടെ പരിഗണനയിലാണ്. കൊല്ലപ്പെട്ട കൃപേഷിന്‍റെ അച്ഛൻ കൃഷ്ണൻ, അമ്മ ബാലാമണി, ശരത് ലാലിന്‍റെ അച്ഛൻ സത്യ നാരായണൻ, അമ്മ ലളിത എന്നിവരാണ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി നൽകിയത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.