സി.ഒ.ടി നസീറിനെതിരായ ആക്രമണം; ആയുധങ്ങള്‍ കണ്ടെടുത്തു

Jaihind Webdesk
Wednesday, June 12, 2019

വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീറിനെ ആക്രമിച്ച കേസിൽ പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. സി.ഒ.ടി നസീറിനെ കുത്താൻ ഉപയോഗിച്ച കത്തി ഉൾപ്പെടെ അന്വേഷണ സംഘം കണ്ടെത്തി. രണ്ടാം പ്രതി റോഷൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കൊളശേരിയിലെ റോഷന്‍റെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. പ്രതികൾ ആക്രമിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും കണ്ടെത്തി. കൊളശേരിയിലെ കോഴിക്കടയ്ക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് പൊലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്.

മേയ് 18 നായിരുന്നു വടകരയിലെ  സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സി.പി.എം പ്രവര്‍ത്തകനുമായ സി.ഒ.ടി നസീറിനെ ആക്രമികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം തലശേരി ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച് നസീറിനെ മാരകമായി വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. സംഭവത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെന്ന് നസീര്‍ മൊഴി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മൊഴി വായിച്ചുകേള്‍പ്പിക്കാന്‍ പോലും പോലീസ് തയാറായില്ലെന്ന് നസീര്‍ പറയുന്നു. സി.ഒ.ടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശദീകരണം.