സി.ഒ.ടി നസീർ വധശ്രമക്കേസ്; എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മൊഴിയെടുക്കും

Jaihind Webdesk
Tuesday, August 6, 2019

സി.ഒ.ടി നസീർ വധശ്രമ കേസിൽ പോലീസ് എ.എൻ ഷംസീർ എം.എൽ.എയുടെ മൊഴിയെടുക്കും. എ.എൻ ഷംസീറിന്‍റെ മൊഴി അടുത്തുതന്നെ രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

തനിക്കെതിരായ വധശ്രമത്തില്‍ എ.എൻ ഷംസീർ എം.എൽ.എയ്ക്ക് പങ്കുണ്ടെന്ന് സി.ഒ.ടി നസീർ പൊലീസിന് മൊഴി നൽകിയിരുന്നു. വധശ്രമ ഗൂഢാലോചന നടന്നത് ഷംസീറിന്‍റെ വാഹനത്തിൽ വെച്ചാണെന്ന് കേസിലെ പ്രതിയായ പൊട്ടിയൻ സന്തോഷും മൊഴി നൽകിയിരുന്നു. ഷംസീറിന്‍റെ സഹോദരൻ ഷഹീറിന്‍റെ ഉടമസ്ഥതയിലാണ് ഈ കാർ.

ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം കാർ കസ്റ്റഡിയിലെടുത്ത പൊലീസ് ഷംസീറിന്‍റെ സഹോദരന്‍റെ മൊഴി എടുക്കുകയും ചെയ്തു. തന്‍റെ കാർ ഷംസീറും, കേസിലെ മറ്റൊരു പ്രതി എൻ.കെ രാഗേഷും ഉപയോഗിക്കാറുണ്ടെന്നാണ് ഷംസീറിന്‍റെ സഹോദരൻ ഷഹീർ പൊലീസിന് മൊഴി നൽകിയത്. ഇതിനെ തുടർന്നാണ് എ.എൻ ഷംസീർ എം.എൽ.എയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. നോട്ടീസ് നൽകിയായിരിക്കും മൊഴി എടുക്കുക എന്നാണ് സൂചന. രഹസ്യമായി മൊഴി എടുക്കാനുള്ള നീക്കവും പോലീസ് നടത്തുന്നുണ്ട്.