വിവാഹ അഭ്യർഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം

Jaihind Webdesk
Wednesday, June 19, 2019

Shinu-Kollam-petrol-attack

കൊല്ലം ഇരവിപുരത്ത് വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം. ബിരുദ വിദ്യാർത്ഥിനിയായയുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച വർക്കല സ്വദേശി ഷിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെട്രോൾ ദേഹത്ത് വീണതോടെ യുവതി ഓടി രക്ഷപ്പെട്ടതിനാൽ അത്യാഹിതം ഒഴിവായി.

കൊല്ലത്തെ ഇരവിപുരം സ്വദേശിനിയായ ബിരുദ വിദ്യാർഥിനിയുമായി പരിചയത്തിലായിരുന്ന വർക്കല സ്വദേശിയായ ഷിനു പല തവണ യുവതിയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. ഇതേത്തുടർന്ന് വീട്ടുകാർ വിവാഹാലോചന നടത്തിയെങ്കിലും ജ്യോതിഷപ്രകാരം പൊരുത്തം നോക്കിയപ്പോൾ ചേർച്ചയുണ്ടായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി ഇരുവരുടെയും വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറിയെങ്കിലും ഷിനു പിന്മാറുവാൻ സന്നദ്ധനായില്ല. വിവാഹാലോചന നിരസിച്ചതോടെ യുവതിയെ കൊലപ്പെടുത്താൻ ഷിനു തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ പെണ്‍കുട്ടിയുടെ വീടിന്‍റെ കിടപ്പുമുറിയിലെ ഓടിളക്കി യുവതിയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ചു.

കട്ടിലിൽ കിടക്കുകയായിരുന്ന യുവതി ദേഹത്ത് പെട്രോൾ വീണതോടെ ഓടി രക്ഷപ്പെട്ടു. വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിമുഴക്കിയശേഷം സ്വന്തം ദേഹത്തും ഷിനു പെട്രോൾ ഒഴിച്ചെന്ന് യുവതി പൊലീസിൽ മൊഴി നൽകി. യുവതിയുടെ സഹോദരി മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. നിലവിളിച്ചു പുറത്തേക്കോടിയ യുവതി അയൽവീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് ഇരവിപുരം പൊലീസ് എത്തി ഷിനുവിനെ അറസ്റ്റ്ചെയ്തു. എന്നാൽ പെൺകുട്ടിയുടെ മുന്നിൽ ആത്മഹത്യ ചെയ്യുവാനാണ് താൻ എത്തിയതെന്നും കുട്ടിയുടെ പുറത്ത് പെട്രോൾ ഒഴിച്ചിട്ടില്ലെന്നും ഷിനു പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഷിനുവിനെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു .