വാളയാർ കേസ് നിഷ്പക്ഷ ഏജന്‍സി അന്വേഷിക്കണം : മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ തുറന്ന കത്ത്

Jaihind Webdesk
Sunday, October 27, 2019

Mullappally-Ramachandran-23

വാളയാര്‍ പീഡനക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ തുറന്ന കത്ത്. രണ്ട് ബാലികമാരുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ പ്രതികളെ ശിക്ഷിക്കാന്‍ കഴിയാത്തത് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പിന്‍റെ ഗുരുതര വീഴ്ചയാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും വിചാരണവേളയില്‍ അതൊന്നും  ഉപയോഗപ്പെടുത്തിയില്ല. വിധ പ്രസ്താവം പോലും കുടുംബത്തെ അറിയിച്ചില്ല. സത്യസന്ധമായി മുന്നോട്ടുനീങ്ങിയ അഡ്വ. ജലജയെ മാറ്റിയത് ആരുടെ സമ്മർദത്തിന് വഴങ്ങിയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കത്തില്‍ ചോദിച്ചു. ശിശുക്ഷേമ സമിതി ചെയർമാനോ, പാർട്ടിയോ അറിഞ്ഞാണോ അഭിഭാഷകയെ മാറ്റിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസില്‍ പോലീസിനെതിരെ വ്യാപക പരാതിയും ആക്ഷേപവും നിലനില്‍ക്കുന്നതിനാല്‍ നിഷ്പക്ഷമായ ഒരു ഏജൻസിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം. രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളെ രക്ഷിക്കാന്‍ ലക്ഷങ്ങളാണ് സർക്കാർ ചെലവഴിക്കുന്നത്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെപ്പറ്റിയും വാ തോരാതെ പറയുന്ന സർക്കാർ വാളയാറിലെ ദളിത് ബാലികമാരുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കത്തില്‍ ആവശ്യപ്പെട്ടു.

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കത്തിന്‍റെ പൂർണരൂപം :

27.10.19

പ്രിയപ്പെട്ട മുഖ്യമന്ത്രി,

രണ്ട് പിഞ്ചു പെൺകുട്ടികളാണ്, ദളിത് വിഭാഗത്തിൽപ്പെട്ടവരാണ്, അങ്ങയുടെ കൺമുന്നിൽ നീതി നിഷേധിക്കപ്പെട്ടവരാണ്, അവരുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായാണ് ഈ കത്ത്.
സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുകയും ഏറെ വിവാദങ്ങൾക്കു വഴിത്തെളിക്കുകയും ചെയ്ത വാളയാർ അട്ടപ്പള്ളത്ത് ദളിത് വിഭാഗത്തിൽപ്പെട്ട രണ്ട് ബാലികമാരുടെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പ്രതികളെക്കൂടി പാലക്കാട് ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക് കോടതി വെറുതെ വിട്ടുവെന്ന വാർത്ത അങ്ങും അറിഞ്ഞു കാണുമല്ലോ. പതിമൂന്നും ഒൻപതും വയസു മാത്രം പ്രായമുള്ള ആ കുട്ടികളെ ഒറ്റമുറി കൂരയുടെ ജനാലപ്പടിയിൽ തൂങ്ങി നിൽക്കുന്ന രൂപത്തിലാണ് കണ്ടെത്തിയത്. അയൽവാസി ഉൾപ്പെടെ അഞ്ച് പ്രതികളിൽ ഒരാളെ നേരത്തെ തന്നെ വെറുതെ വിട്ടിരുന്നു. ഇനി ഒരു പ്രതിയുടെ കേസിലാണ് വിധി വരാനുള്ളത് .ആ പ്രതി പ്രായപൂർത്തിയാകാത്ത പതിനാറുകാരനായതിനാൽ ജുവനൈൽ കോടതിയാണ് വിധി പറയേണ്ടത്. ആ ബാലികമാരെ ഇല്ലാത്താക്കിയ നരാധമന്മമാരെ തുറങ്കിലടയ്ക്കാൻ കഴിയാതെ പോയത് കേസ് കൈകാര്യം ചെയ്ത അങ്ങ് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ കീഴിലെ പോലീസിന്റെ ഗുരുതരമായ വീഴ്ചയാണ്.ഈ പെൺകുഞ്ഞുങ്ങളുടെ കാര്യത്തിൽ മാത്രമല്ല ദരിദ്ര വിഭാഗത്തിൽ പ്പെടുന്ന ഏതു കുടുംബത്തിലും സംഭവിക്കുന്ന കേസുകളിലും ഇത് തന്നെയാണ് അനുഭവം. അട്ടപ്പളത്ത് സംഭവിച്ചത് ലോക്കൽ പോലീസ് ആത്മഹത്യ എന്ന് പറഞ്ഞ് എഴുതിത്തള്ളാൻ ശ്രമിച്ച കേസ് വിവാദം ഉയർന്നപ്പോഴാണ് പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിച്ചത് ആദ്യ അന്വേഷണത്തിൽ വീഴ്ച കാണിച്ച് എസ്ഐയെ സസ്പെൻഡ് ചെയ്തിരുന്ന സി ഐയ്ക്കും ഡി വൈ എസ് പിക്കുമെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിരുന്നു എന്നാൽ ഇവർക്കൊന്നും ഒരു പോറൽ പോലും ഉണ്ടായില്ല. മൂത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന് മാതാവ് ദൃക്സാക്ഷിയാണ് ആ വിവരം പോലീസിനോട് പറയുകയും ചെയ്തു തെളിവുകൾ ശക്തമായി ഇരുന്നിട്ടും വിചാരണയിൽ അതൊന്നും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ പോയത് വളരെ ദുഃഖകരമാണ്. കോടതി കേസിൽ വിധി പറയുന്ന ദിവസം ആ വിവരം കുടുംബത്തെ അറിയിച്ചു പോലുമില്ലെന്ന് അവരുടെ പരാതിയും കൂട്ടത്തിലുണ്ട്. നിർഭയവും സത്യസന്ധ്ധമായും കേസ് മുന്നോട്ട് കൊണ്ടുപോയ പ്രോസിക്യൂട്ടർ അഡ്വ.ജലജയെ ആരുടെ സമർദ്ദത്തിന് വഴങ്ങിയാണ് മാറ്റിയത്.സി.ഡബ്ല്യു.സി ചെയർമാനോ, പാർട്ടിയോ അറിഞ്ഞാണോ മാറ്റിയതെന്ന് അങ്ങ് വിശദീകരിക്കണം.
പോക്സോ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട കർശന മാനദണ്ഡങ്ങൾ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട് ഒരുതരത്തിലുള്ള അലംഭാവവും അന്വേഷണത്തിൽ ഉണ്ടാകരുതെന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്.സ്ത്രീ സുരക്ഷ ഉറപ്പു വരുത്താൻ അങ്ങ് നേതൃത്വം നൽകുന്ന ആഭ്യന്തരവകുപ്പിന് കഴിയുന്നുണ്ടോ? അങ്ങ് അത് പരിശോധിക്കണം. സ്ത്രീസുരക്ഷ ഇല്ലാത്ത ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ഈ സർക്കാരിന്റെ തുടക്കത്തിൽ അങ്ങ് രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ച തലശ്ശേരിയിൽ ദളിത് കുടുംബത്തിലെ രണ്ട് യുവതികൾക്കെതിരായി നടന്ന ആക്രമണം ഓർക്കുന്നുണ്ടാകുമല്ലോ. ഈ കേസില്ലെങ്കിലും അങ്ങ് ഗൗരവപൂർണ്ണമായ അന്വേഷണം കൊണ്ടുവരണം പക്ഷപാതപരമായി കേരളപോലീസ് പെരുമാറുന്നു എന്ന ആരോപണം ഉള്ളതുകൊണ്ട് നിക്ഷ്പക്ഷമായ ഒരു ഏജൻസിയെക്കൊണ്ട് ഈ കേസ്
അന്വേഷിക്കണം. കുപ്രസിദ്ധ രാഷ്ട്രീയ കൊലപാതക കേസുകളിൽ പാർട്ടിയുമായി ബന്ധമുള്ള പ്രതികളെ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് സുപ്രീംകോടതിയിൽ നിന്നും അഭിഭാഷകരെ കൊണ്ടുവരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.അട്ടപ്പളത്തെ ബാലികമാർക്കുണ്ടായ ദുര്യോഗത്തിൽ അവരുടെ കുടുംബത്തിന് നീതി ലഭിക്കണം. ജില്ലാ കോടതി വിധിക്കെതിരെ സർക്കാർ മേൽക്കോടതിയിൽ അപ്പീൽ പോവുകയാണ് വേണ്ടത്.
സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെപ്പറ്റി വാ തോരാതെ പറയുന്ന അങ്ങേയുടെ സർക്കാർ വാളയാറിലെ ദളിത് ബാലികമാരുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ
കേരള പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ
മുല്ലപ്പള്ളി രാമചന്ദ്രൻ.