തിരുവല്ലയിൽ യുവതിക്കുനേരെ മദ്യപാനിയുടെ ആക്രമണം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

Jaihind Webdesk
Tuesday, May 7, 2024

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ ന​ഗരമധ്യത്തിൽ യുവതിയെ മദ്യപാനിയായ യുവാവ് ആക്രമിച്ചു. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയെ ആക്രമിച്ചത്. സംഭവത്തില്‍ ജോജോയെ പോലീസ് അറസ്റ്റ്  ചെയ്തു. പരിക്കേറ്റ യുവതിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. സ്കൂട്ടർ തടഞ്ഞു നിർത്തി താക്കോൽ എടുത്തുകൊണ്ടുപോയെന്നും ഇത് തടഞ്ഞപ്പോള്‍ കൈ പിടിച്ചു തിരിച്ചുവെന്നും യുവതി പറഞ്ഞു. താക്കോൽ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിനിടെ കൈയ്ക്ക് മുറിവ് പറ്റിയെന്നും രക്തം വന്നതിനെ തുടർന്ന് തലകറങ്ങുന്നതായി അനുഭവപ്പെട്ടെന്നും യുവതി പറഞ്ഞു. തുടർന്ന് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

യുവതിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിലെ പ്രതി ജോജോയെ പോലീസ് വൈദ്യപരിശോധനക്കായി ഹാജരാക്കി. യുവതിയുടെ ബന്ധുക്കൾ  ജോജോയെ പോലീസിന്‍റെ വാഹനത്തിനുള്ളിൽ വെച്ച് കൈയേറ്റം ചെയ്യുകയും  ചെയ്തു. ജോജോക്കെതിരെ ​ഗുരുതര വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.