പി.എസ്.സി ക്രമക്കേട് : കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞു; അഞ്ചാം പ്രതി ഗോകുലിന്‍റെ വീട്ടിൽ നിന്ന് സിം കാർഡ് കണ്ടെത്തി

Jaihind News Bureau
Wednesday, September 4, 2019

പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുമായി കസ്റ്റഡിയിലായ പൊലീസുകാരൻ ഗോകുൽ. ചോദ്യപേപ്പർ കിട്ടിയത് യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നാണെന്ന് ഗോകുൽ മൊഴി നൽകി. അഞ്ചാം പ്രതിയായ ഇയാളുടെ ബന്ധു വീട്ടിൽ നിന്നും സിം കാർഡ് കണ്ടെത്തി. മറ്റു പ്രതികളുമായി ഗോകുൽ ബന്ധപ്പെട്ടത് ഈ സിം ഉപയോഗിച്ചെന്നാണ് സൂചന. സിം കാർഡ് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും.

കേസിലെ അഞ്ചാം പ്രതി ഗോകുലിന്റെ കല്ലറയിലെ വീട്ടിലും, ബന്ധുവീട്ടിലുമെത്തി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഗോകുലിന്റെ ബന്ധു വീട്ടിൽ നിന്നാണ് കേസിൽ നിർണായകമെന്നു കരുതുന്ന സിം കാർഡ് കണ്ടെത്തിയത്.മറ്റു പ്രതികളുമായി ഗോകുൽ ബന്ധപ്പെട്ടത് ഈ സിം ഉപയോഗിച്ചെന്നാണ് സൂചന. സ്ഥിരീകരണത്തിനായി സിം കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

എന്നാൽ തെളിവെടുപ്പിൽ തട്ടിപ്പിന് ഉപയോഗിച്ച ഗോകുലിന്‍റെ ഫോൺ കണ്ടെത്താനായില്ല. ശിവരഞ്ജിത്തിനും, നസീമിനും, പ്രണവിനും പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ഉത്തരങ്ങൾ അയച്ച് നൽകിയത് യൂണിവേഴ്‌സിറ്റി കോളജിന് പരിസരത്ത് നിന്നാണെന്നു ചോദ്യം ചെയ്യലിൽ ഗോകുൽ സമ്മതിച്ചിട്ടുണ്ട്. ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കേസിൽ അഞ്ചാം പ്രതിയായ ഗോകുൽ വെളിപ്പെടുത്തൽ നടത്തിയത്. ഇതോടെ തട്ടിപ്പിന്‍റെ ഗൂഢാലോചന യൂണിവേഴ്സ്സിറ്റി കോളേജ് കേന്ദ്രീകരിച്ചായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
അതേസമയം, കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ ക്രൈം ബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട് . ക്രമക്കേടിൽ ഉൾപ്പെട്ട അഞ്ചു പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.

തട്ടിപ്പിന്‍റെ വ്യാപ്തി വലുതാകാൻ ഉള്ള സാധ്യത തള്ളാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്.

teevandi enkile ennodu para