പീഡന പരാതികള്‍ സി.പി.എമ്മിനെ ഉലയ്ക്കുന്നു

Jaihind Webdesk
Sunday, October 7, 2018

പി.കെ ശശിക്കൊപ്പം പാലക്കാട് മണ്ണാർക്കാട് പുതിയ പീഡനക്കേസ് കൂടി വന്നതോടെ കൂടുതൽ പ്രതിരോധത്തിലായി സി.പി.എം നേതൃത്വം.കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനമാണ് നേതൃത്വത്തിനെതിരെ ഉണ്ടായത്.

പി.കെ ശശി എം.എൽ.എക്കെതിരെ നടന്ന ലൈംഗികാരോപണത്തിന് പുറകെ മണ്ണാർക്കാട് കൊടക്കാട്ടെ സ്ത്രീപീഡനക്കേസിലും സി.പി.എം പ്രതി സ്ഥാനത്തായതോടെയാണ് കഴിഞ്ഞ ദിവസം നടന്ന സി.പി.എം ജില്ലാ കമ്മറ്റിയോഗത്തിൽ നേതൃത്വത്തിനെതിരെ കൂട്ടായ ആക്രമണമുണ്ടായത്.

മഹിളാ  അസോസിയേഷൻ ജില്ലാ നേതാവിന്‍റെ ഡ്രൈവറാണ് കൊടക്കാട് പീഡനക്കേസിലെ പ്രതി. പ്രതിയെ രക്ഷിക്കാൻ ജില്ലാ നേതാവ് രണ്ട് മണിക്കൂറോളം നാട്ടുകൽ പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്നത് മേഖലയിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗം ഉന്നയിച്ചതോടെയാണ് യോഗത്തിൽ രൂക്ഷ വിമർശനത്തിന് തുടക്കമായത്.

പാലക്കാട് ജില്ലാ സമ്മേളനകാലത്ത് മണ്ണാർക്കാട് പി.കെ ശശിയുടെ ഫോട്ടോ വച്ച് തമ്പുരാൻ എന്നെഴുതി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതും കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വീണ്ടും ചർച്ചയായി. അന്നുതന്നെ ഇവരെ നിലയ്ക്ക് നിർത്താത്തതാണ് പാർട്ടിയിൽ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഒരു ജില്ലാ കമ്മിറ്റി അംഗം യോഗത്തിൽ കുറ്റപ്പെടുത്തി. പാർട്ടിക്ക് വിധേയനാവാതെ വ്യക്തികൾക്ക് വിധേയരാകുകയാണ് ചില യുവനേതാക്കളെന്നും ഇദ്ദേഹം യോഗത്തിൽ തുറന്നടിച്ചു. തമ്പുരാൻ  ബോർഡ് വെച്ചത് കഴിഞ്ഞ ജില്ലാ സമ്മേളനകാലത്ത്  നടന്നതല്ലേയെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ നേതാവ് യോഗത്തിൽ ചോദിച്ചത് വീണ്ടും വാഗ്വാദത്തിനിടയാക്കി.

സി.പി.എമ്മിന്‍റെ ജില്ലാ കമ്മിറ്റി യോഗത്തിലെ ചർച്ചകൾക്ക് മറുപടി പറയേണ്ടത് ജില്ലാ സെക്രട്ടറിയാണെന്നും ആ ചുമതല ആരാണ് ഈ ഡി.വൈ.എഫ്.ഐ നേതാവിനെ ഏൽപിച്ചതെന്നും പട്ടാമ്പിയിൽ നിന്നുള്ള പ്രതിനിധി യോഗത്തിൽ ചോദിച്ചു.
പി.കെ ശശിയും, ശശിക്കൊപ്പം നിൽക്കുന്ന ജില്ലാ നേതൃത്വവും  പൂർണമായും ഒറ്റപ്പെടുന്ന കാഴ്ചയാണ് കഴിഞ്ഞ ജില്ലാ കമ്മറ്റിയിൽ കണ്ടത്. ലൈംഗികാരോപണ വിധേയനായ
പി.കെ ശശി എം.എൽ.എയെ കാണാൻ താൽപര്യമില്ലെന്ന് പിണറായി വിജയൻ നിലപാടെടുത്തതും, ശശിക്ക് വേണ്ടി വക്കാലത്ത് പറയാൻ എത്തേണ്ടതില്ലെന്ന് ഒരു മന്ത്രിയെ സംസ്ഥാന നേതൃത്വം ഓർമിപ്പിച്ചതുമെല്ലാം കഴിഞ്ഞ ദിവസം വാർത്തയായ പശ്ചാത്തലത്തിലാണ് പാലക്കാട് ജില്ലാ നേതൃത്വം കൂടുതൽ പ്രതിരോധത്തിലാവുന്നത്.