പീഡനപരാതിയില്‍ പി.കെ ശശിക്ക് 6 മാസത്തെ സസ്പെന്‍ഷന്‍

Jaihind Webdesk
Monday, November 26, 2018

P.K-Sasi-MLA

ലൈംഗികാതിക്രമ പരാതിയില്‍ പി.കെ.ശശി എം.എല്‍.എയ്ക്ക് സസ്പെന്‍ഷന്‍. പി.കെ ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെതാണ് നടപടി.

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയിലാണ് ശശിക്കെതിരായ നടപടി. വിഷയത്തില്‍ പാര്‍ട്ടി പി.കെ ശശിയുടെ വിശദീകരണം തേടിയിരുന്നു. ഇക്കാര്യത്തില്‍ ശശിയുടെ വിശദീകരണം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി അച്ചടക്കനടപടി പ്രഖ്യാപിച്ചത്.

പാര്‍ട്ടി നിയോഗിച്ച കമ്മീഷനില്‍ ശശിക്കെതിരായ പരാതി സംബന്ധിച്ച് അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. DYFI വനിതാ നേതാവ് നൽകിയ പരാതി അന്വേഷിക്കാൻ എ.കെ ബാലൻ, പി.കെ ശ്രീമതി എന്നിവരെയാണ് പാർട്ടി നിയോഗിച്ചിരുന്നത്. പരാതിക്ക് പിന്നിൽ വിഭാഗീയതയാണെന്ന എ.കെ ബാലന്‍റെ വാദം തള്ളി പി.കെ ശ്രീമതി രംഗത്ത് വന്നതോടെ നിലപാടിനെച്ചൊല്ലി കമ്മിഷനിൽ തർക്കവുമുണ്ടായി. ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.

പി.കെ ശശിക്കെതിരായി നടപടി വേണമെന്ന അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തെങ്കിലും പി.കെ ശശി പാര്‍ട്ടി ജാഥ നയിക്കുകയാണെന്ന കാരണം ചൂണ്ടിക്കാട്ടി അന്നത്തെ സംസ്ഥാന കമ്മറ്റി യോഗത്തിനു ശുപാര്‍ശ സമര്‍പ്പിക്കാതെ ഇന്നത്തേക്ക് നീട്ടുകയായിരുന്നു. ശശിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദും രംഗത്തെത്തിയിരുന്നു.