പീഡനക്കേസിൽപ്പെട്ടവരോട് സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പ് സമീപനം

Jaihind Webdesk
Friday, October 12, 2018

പീഡനാരോപണം നേരിടുന്ന പി.കെ ശശി എം.എൽ.എക്കെതിരെ നടപടിയെടുക്കുമെന്ന് പറയുന്ന പാർട്ടി കേന്ദ്രമന്ത്രി എം.ജെ അക്ബറിന്‍റെ കാര്യത്തിലും സമാന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ തന്നോട് അപമര്യാദയായി പെരുമാറിയെന്ന ടെസ് ജോസഫ് എന്ന യുവതി സിനിമാതാരവും കൊല്ലം എം.എൽ.എയുമായ മുകേഷിനെതിരെ ഉന്നയിച്ച ആരോപണം സി.പി.എം കണ്ടില്ലെന്ന് നടിക്കുകയാണ്.

ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്‍റെ പീഡന ആരോപണത്തെ തുടർന്ന് ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരെ നടപടി വേണമെന്ന സമാന നിലപാടാണ് സി.പി.എം കേന്ദ്രമന്ത്രി എം.ജെ അക്ബറിന്‍റെ കാര്യത്തിലും സ്വീകരിച്ചത്. ആരോപണം നേരിടുന്ന എം.ജെ അക്ബർ സ്ഥാനമൊഴിയണമെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. ശശിക്കെതിരെ ലഭിച്ച പരാതിയിൽ അന്വേഷണ കമ്മീഷന്‍റെ തെളിവെടുപ്പും പൂർത്തിയായിട്ടുണ്ട്.

എന്നാൽ കൊല്ലം എം.എൽ.എ മുകേഷ് തന്നോട് മര്യാദ വിട്ട് പെരുമാറിയെന്ന ടെസ് ജോസഫിന്‍റെ ആരോപണത്തെ ഗൗരവത്തിലെടുക്കാൻ സി.പി.എം തയാറായിട്ടില്ല. ശശിക്കെതിരെ ആരോപണം ഉയർനന്നപ്പോൾ സി.പി.എം കേന്ദ്രനേതൃത്വം ഇടപെട്ടാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. ഇതിന്‍റെ ഭാഗമായി അന്വേഷണ പുരോഗതിയും റിപ്പോർട്ടും വിലയിരുത്താൻ മുതിർന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രൻ പിള്ളയും സി.പി.എം സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് വിശദീകരിക്കുന്ന എസ്.ആർ.പി ശശിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഉന്നയിച്ചേക്കും.

ഇതിനിടെയാണ് മറ്റൊരു പാർട്ടി എം.എൽ.എ കൂടിയായ മുകേഷും സമാന വിവാദത്തിൽ അകപ്പെടുന്നത്. ഈ വിഷയത്തിൽ സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ ഇനിയും നയം വ്യക്തമാക്കാൻ മുതിർന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.